സ്‌കൂളിലേക്കുള്ള റോഡില്‍ വച്ച് അപമര്യാദയായി പെരുമാറി യുവാക്കള്‍: ഒറ്റയ്ക്ക് ഇടിച്ചിട്ട് താരമായി നേഹ

കോഴിക്കോട്: സ്‌കൂളിനടുത്തുള്ള റോഡില്‍ വെച്ച് അക്രമിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ഒറ്റയ്ക്ക് ഇടിച്ചു തെറിപ്പിച്ച് ഹീറോ ആയി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നേഹ. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നേഹ. കിക്ക് ബോക്‌സിങ് താരം കൂടിയാണ് നേഹ.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഗാന്ധി റോഡിലൂടെ നടന്നു വരുമ്പോഴാണ് നേഹക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. റെയില്‍വേ ക്രോസിന് സമീപം നില്‍ക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ പ്രകോപനപരമായി സംസാരിക്കുകയും കൈയില്‍ പിടിച്ച് സ്‌കൂള്‍ ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു.

കൈയില്‍ പിടിച്ചയാളുടെ മൂക്കിനിട്ടായിരുന്നു നേഹയുടെ ആദ്യ കിക്ക്. കൂടെ ഉണ്ടായിരുന്നവരെയും നേഹ വെറുതെ വിട്ടില്ല. നേഹയുടെ കിക്കില്‍ അവരും ഓടിപ്പോയി. പിന്നീട് രക്ഷിതാക്കളേയും അധ്യാപകരേയും വിവരം അറിയിച്ച ശേഷം നടക്കാവ് പോലീസില്‍ പരാതിയും നല്‍കിയാണ് മടങ്ങിയത്.

പാലത്ത് പുളിബസാര്‍ ഊട്ടുകുളത്തില്‍ ആശാരിക്കണ്ടിയില്‍ ബിജുവിന്റെയും ദിവ്യയുടെയും ഏകമകളാണ് നേഹ. ഒരു വര്‍ഷമായി രതീഷ് കെന്‍പോയുടെ ശിക്ഷണത്തില്‍ ബോക്‌സിങ് പരിശീലിക്കുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.

Exit mobile version