മറ്റ് വഴികളില്ലാതെ മോഷണത്തിന് ഇറങ്ങി, കന്നി മോഷണത്തിൽ പിടിക്കപ്പെട്ടു; കോടതി നല്ലനടപ്പിന് വിധിച്ചു! ഇന്ന് ആ കള്ളൻ ‘പോലീസായി’

കണ്ണൂർ: ഗത്യന്തരമില്ലാതെയാണ് കോഴിക്കോട്ടുകാരനായ യുവാവ് മോഷണത്തിന് ഇറങ്ങിയത്. എന്നാൽ, തന്റെ കന്നി മോഷണത്തിൽ തന്നെ യുവാവ് പിടിക്കപ്പെട്ടു. അയൽപക്കത്തെ വീടാണ് മോഷ്ടിക്കാനായി തെരഞ്ഞെടുത്തത്. പരിചയ സമ്പത്ത് ഇല്ലാത്തതാണ് യുവാവിന് തിരിച്ചടിയായത്. പോലീസ് പിടിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ യുവാവിന്റെ കുടുംബപശ്ചാത്തലവും മോഷണംനടത്തിയ സാഹചര്യവും മനസ്സിലാക്കിയ കോടതി അയാളെ നല്ലനടപ്പിനുവിട്ടുകൊണ്ട് ഉത്തരവിട്ടു.

പിന്നീട് കോടതിയുടെ ആ തീരുമാനമാണ് അയാളുടെ ജീവിതം തന്നെ അടിമുടി മാറ്റി മറിച്ചത്. എല്ലാ തെറ്റായ ചിന്തകളും മാറ്റിവെച്ച് യുവാവ് തന്റെ പഠനത്തിൽ ശ്രദ്ധ ചെലുത്തി. പിഎസ് സി എഴുതി വിജയം കൈവരിച്ചു. ഇന്ന് ആ കള്ളൻ പോലീസ് എന്ന പദവിയിലേയ്ക്ക് എത്തിചേർന്നിരിക്കുകയാണ്. ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിൽക്കൂടി കേസിന്റെ സാഹചര്യം, കുറ്റവാളിയുടെ സ്വഭാവം, കുടുംബപശ്ചാത്തലം, പൂർവചരിത്രം, സമൂഹവുമായുള്ള ഇടപെടലുകൾ എന്നിവ കണക്കിലെടുത്ത് വ്യവസ്ഥകൾക്ക് വിധേയമായാണ് ജയിൽശിക്ഷയ്ക്ക് പകരം നല്ലനടപ്പിന് അയക്കുന്നത്.

ഈ വിധിയാണ് യുവാവിന്റെ ജീവിതം അടിമുടി മാറ്റിയെഴുതിയതും. സംസ്ഥാനത്ത് 2022ൽ സംസ്ഥാനത്ത് കോടതി നല്ലനടപ്പിനയച്ച 582 പേരും തുടർന്ന് മറ്റൊരു കേസിലും ഉൾപ്പെട്ടില്ല. കോടതി നിർദേശങ്ങൾ കൃത്യമായി പാലിച്ച് മുഴുവനാളുകളും സമൂഹത്തിൽ മാന്യമായ ജീവിതം നയിച്ചു വരികയാണ്. ഒരു ദുർബലനിമിഷത്തിൽ ചെയ്തുപോയ അപരാധത്തിൽ ജീവിതം മാറിമറിഞ്ഞു പോയ ഇവർ നല്ലനടപ്പെന്ന മാനസിക പരിവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു വരികയാണ്.

Exit mobile version