ഫുട്‌ബോള്‍ ലോകകപ്പിന്റെ ടെന്‍ഡര്‍ കിട്ടിയെന്ന് പറഞ്ഞ് തട്ടിപ്പ്; ഉറ്റസുഹൃത്തില്‍ നിന്ന് മാത്രം തട്ടിയത് പത്ത് കോടി; പാലക്കാട് സ്വദേശി മുങ്ങി

പാലക്കാട്: ഫുട്‌ബോള്‍ ലോകകപ്പിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത് പാലക്കാട് ചന്തപ്പടി സ്വദേശി മുങ്ങി. ലോകകപ്പിനായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള ടെണ്ടര്‍ ലഭിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഐടി കമ്പനി നടത്തുന്ന മണ്ണാര്‍ക്കാട് ചന്തപ്പടി സ്വദേശി റിഷാബിനെതിരെയാണ് നിരവധി പേര്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

ലാപ്‌ടോപ്പും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, ഖത്തര്‍ ലോകകപ്പിന് വിതരണം ചെയ്യാനുള്ള ടെണ്ടര്‍ ലഭിച്ചു എന്ന് പറഞ്ഞാണ് പലരില്‍ നിന്നായി പണം വാങ്ങിയത്.

പോലീസ് റിഷാബിനെതിരെ കേസെടുത്തെങ്കിലും ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞു. റിഷാബ് അടുത്ത സുഹൃത്തായ മണ്ണാര്‍ക്കാട് സ്വദേശി ടിപി ഷെഫീര്‍ അടക്കമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കിയത്.

ടിപി ഷെഫീര്‍ മാത്രം റിഷാബിന് 10 കോടി രൂപ നല്‍കി. ആദ്യ ഘട്ടത്തില്‍ ചെറിയ ലാഭ വിഹിതം നല്‍കിയതിനാല്‍ ഷെഫീര്‍ സുഹൃത്തിനെ സംശയിച്ചിരുന്നില്ല. കോടതി നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് പോലീസ് റിഷാബിനെതിരെ കേസ് എടുക്കുകയായിരുന്നു.

also read- അടിമാലിയിൽ വഴിയിൽ കിടന്ന കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു; വിടപറഞ്ഞത് കുഞ്ഞുമോൻ

റിഷാബിന്റെ ഭാര്യയും, മാതാവും, സഹോദരനും ഉള്‍പെടെ 7 പേര്‍ കൂടി കേസിലെ പ്രതികളാണ്. വിദേശത്തേക്ക് കടന്ന റിഷാബിനെ കുറിച്ച് നിലവില്‍ സൂചനകളില്ല. ഇയാള്‍ ഖത്തറില്‍ തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Exit mobile version