വാഹനം വിട്ടുകിട്ടണോ.. ? എങ്കിൽ 2000 രൂപയും മദ്യവും നൽകണം; കൈക്കൂലി ചോദിച്ചുവാങ്ങിയ എസ്‌ഐ നസീർ വിജിലൻസിന്റെ പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടയിൽ എസ്‌ഐ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അമ്പലപ്പുഴ സ്വദേശിയായ നസീർ വി എച്ച് വിജിലൻസിന്റെ പിടിയിൽ. കോട്ടയം മെഡിക്കൽ കോളജ് ഭാഗത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ വെച്ച് പരാതിക്കാരനിൽ നിന്ന് രണ്ടായിരം രൂപയും ഒരു ഫുൾ ബോട്ടിൽ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

അപകടത്തിൽപ്പെട്ട വാഹനം വിട്ടുകൊടുക്കുന്നതിനായാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ടായിരം രൂപയും മദ്യവുമായിരുന്നു ഇയാളുടെ ആവശ്യം. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസ് കിഴക്കൻ മേഖലാ എസ്പിവി ജി വിനോദ് കുമാറിനെ അറിയിക്കുകയും ചെയ്തു.

ശേഷം, എസ് പിയുടെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ആർ രവികുമാർ ഇൻസ്‌പെക്ടർമാരായ മഹേഷ് പിള്ള, രമേഷ് കുമാർ , എസ് ഐമാരായ സുരേഷ് കെ ആർ , സുരേഷ്‌കുമാർ, സ്റ്റാൻലി തോമസ്, സാബു വി ടി, പ്രസാദ് കെ ആർ , സി പി ഒ മാരായ രാജേഷ്, അരുൺ ചന്ത്, ശ്യാം കുമാർ, ഷിജു, അനൂപ്, ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ വൈകിട്ട് ഒൻപത് മണിയോടെ അറസ്റ്റ്‌ചെയ്തത്.

Exit mobile version