ചരിത്രം തിരുത്തി യുവതികള്‍..! പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: ചരിത്രം തിരുത്തി യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സംഭവം അപലപനീയമാണെന്നും യുവതികള്‍ കയറിയെങ്കില്‍ അതിനുവേണ്ട ശുദ്ധ ക്രിയകള്‍ നടത്തുമെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല ഭരണസംവിധാനത്തെ കളിയാക്കുന്ന തരത്തിലാണ് സംഭവമെന്നും വരാനിരിക്കുന്ന റിവ്യു ഹര്‍ജിയെ സംഭവം ബാധിക്കാതിരിക്കട്ടെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി വന്ന ശേഷം നിരന്തരം ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത വ്യക്തിയാണ് രാഹുല്‍ സേവ് ഫോര്‍ ശബരിമല എന്ന ക്യാംപെയിനും അദ്ദേഹം നടത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദര്‍ശനം നടത്തിയെന്ന് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍ സംഘര്‍ഷാവസ്ഥ ഇല്ലാത്തതിനാല്‍ യുവതികളെ പോലീസ് കയറ്റി വിടുകയായിരുന്നു. അതേസമയം എല്ലാ ഉദ്യോഗസ്ഥരും വിവരം അറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ മാസം 24 നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു

Exit mobile version