‘ഓപ്പറേഷന്‍ അനാക്കോണ്ട’..! മാവോയിസ്റ്റുകളെ പിടികൂടാന്‍ പുതിയ തന്ത്രവുമായി കേരളാ പോലീസ്

തിരുവനന്തപുരം: മാവോയിസ്റ്റുകളെ പിടികൂടാന്‍ പുതിയ തന്ത്രവുമായി കേരളാ പോലീസ്. ‘ഓപ്പറേഷന്‍ അനാക്കോണ്ട’ എന്ന പേരില്‍ വനത്തിനുള്ളില്‍ ശക്തമായ തിരച്ചില്‍ തുടങ്ങി. പോലീസിലെ തണ്ടര്‍ ബോള്‍ട്‌സ്, നക്‌സല്‍ വിരുദ്ധ സേന, സായുധസേനാ ബറ്റാലിയന്‍ എന്നിവയും ലോക്കല്‍ പോലീസും സംയുക്തമായാണു പരിശോധന നടത്തുന്നത്.

എന്നാല്‍ പോലീസ് സംഘത്തിന്റെ എണ്ണമോ തിരച്ചില്‍ നടക്കുന്ന സ്ഥലമോ വ്യക്തമാക്കിയിട്ടില്ല.. മുമ്പ് നാലഞ്ചു മാസമായി വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാടു ജില്ലകളിലെ വനാതിര്‍ത്തികളില്‍ മാവോയിസ്റ്റുകള്‍ ഇടയ്ക്കിടെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ മുമ്പൊരിക്കലും ചെയ്യാത്ത കാര്യമായിരുന്നു സായുധ പ്രകടനവും ലഘുലേഖ വിതരണവും. അതു കഴിഞ്ഞു കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെ ഇവര്‍ വയനാടു വനത്തിനുള്ളിലേക്കു പോയെന്നാണു പോലീസ് നിഗമനം.

കേരളത്തിലെ വനപ്രദേശത്തു എണ്‍പതിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിപക്ഷത്തെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്ക ആളുകളുടെയും ചിത്രവുമുണ്ട്. മലയാളികള്‍ ഈ സംഘത്തില്‍ ഇല്ലെന്നാണു വിലയിരുത്തല്‍. അമ്പായത്തോട്ടില്‍ എത്തിയ സംഘത്തിലെ രണ്ടു പേര്‍ ആന്ധ്ര സ്വദേശികളാണ്. ചിലര്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ വ്യക്തമായ തെളിവില്ലാതെ അറസ്റ്റ് പാടില്ലെന്നു ഡിജിപി നിര്‍ദ്ദേശിച്ചു.

Exit mobile version