മുൻ ഗ്ലാസും ആയയും ഇല്ല; ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച നിലയിൽ; സ്‌കൂൾ ബസിന് എംവിഡിയുടെ പൂട്ട്

മലപ്പുറം: മുൻ ഗ്ലാസും കുട്ടികളെ നോക്കാൻ ആയയോ ഇല്ലാതെ ഓടിയ സ്‌കൂൾ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹനവകുപ്പ്. ഇതിനെല്ലാം പുറമെ, ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച അവസ്ഥയിലുമായിരുന്നു. ജി.പി.എസും പ്രവർത്തനക്ഷമമല്ല. തുടർന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് അധികൃതർ റദ്ദാക്കി.

ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടികളുമായി വന്ന മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ വാഹനം അധികൃതർ പരിശോധിച്ചത്. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ച ശേഷമാണ് വാഹനത്തിനെതിരേ നടപടിയെടുത്തതെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ അധികൃതർക്കെതിരേ ദുരന്തനിവാരണ വകുപ്പുപ്രകാരമുള്ള നടപടിക്ക് കളക്ടർക്ക് ശുപാർശചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

കുറ്റിപ്പാലയിലെ പരിശോധനയ്ക്കിടെ കുറ്റിപ്പാല ഗാർഡൻവാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനുവേണ്ടി സർവീസ് നടത്തുന്ന വാഹനവും പിടികൂടി. കൂടാതെ, വാഹനത്തിന് ഇൻഷുറൻസ്, ടാക്‌സ്, ഫിറ്റ്‌നസ്, പെർമിറ്റ് തുടങ്ങിയ ഒരു രേഖകളും ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി പ്രഥമാധ്യാപകന് താക്കീതും നൽകി.

Exit mobile version