എല്ല് പൊട്ടിയ കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്ക് എതിരെ കേസെടുത്തു

കണ്ണൂര്‍: തലശേരിയില്‍ വീണ് പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ചികിത്സാ പിഴവ് മൂലമാണ് കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവന്നതെന്ന് പിതാവ് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പോലീസ് നടപടി എടുത്തത്.

തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ വിജു മോനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സ വൈകിയതിനെ തുടര്‍ന്നും ആശുപത്രിയുടെ അനാസ്ഥ കാരണവും മുറിച്ചുമാറ്റേണ്ടി വന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തലശേരി ചേറ്റംകുന്നം സ്വദേശിയായ പതിനേഴുകാരന്‍ സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിന്റെ കൈ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിലാണ് പോലീസ് ഇടപെടല്‍. വീണ് കൈയ്യിന് പരിക്കേറ്റ കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എല്ലു ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ ഡ്യൂട്ടി ഡോക്ടറായിരുന്നു കുട്ടിക്ക് ചികിത്സ നല്‍കിയത്.

also read- എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍

എക്സ് റേയുടെ ചിത്രം എടുത്ത് എല്ല് വിഭാഗം ഡോക്ടര്‍ക്ക് അയച്ചുനല്‍കിയതിന് ശേഷമായിരുന്നു ചികിത്സ നല്‍കിയത്. അതേസമയം, എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശസ്ത്രക്രിയ നടത്തിയത്. ചികിത്സ വൈകിയതിനെത്തുടര്‍ന്ന് കൈയ്യുടെ നിറം കറുത്ത് നീലിച്ചു. അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാലാണ് കൈ മുറിച്ചുമാറ്റേണ്ടി വരികയാണ്.

ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇവിടത്തെ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ കണ്ണൂരില്‍ തിരിച്ചെത്തുകയായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. കേസില്‍ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു.

Exit mobile version