അപകടകരമായ ഡ്രൈവിംഗ്: ചിന്നൂസ് ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കോഴിക്കോട്: കൊയിലാണ്ടിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി പോലീസ്. ബസിറങ്ങി നടന്ന യാത്രക്കാരിയുടെ നേര്‍ക്കു പിന്നാലെ വന്ന സ്വകാര്യ ബസ് പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

വടകര ഭാഗത്തു നിന്നു കൊയിലാണ്ടിയിലേക്കു പുറപ്പെട്ട ഹെവിന്‍ ബസ് കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനു മുന്നിലെ റോഡിനു നടുവില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നാലെ വന്ന ചിന്നൂസ് ബസ് ഇടതുവശത്തുകൂടി അമിതവേഗത്തില്‍ പാഞ്ഞു വരികയായിരുന്നു. ബസിറങ്ങി നടന്നു തുടങ്ങിയ യുവതിയുടെ മുന്നിലേക്കു എത്തിയ ബസ് പൊടുന്നനെ വെട്ടിച്ചു മാറ്റിയതു കാരണം അപായം ഒഴിവായി. യാത്രക്കാരി രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.

Read Also:‘രാജി വയ്ക്കണം എന്ന് പറയുന്നവരൊക്കെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ വരുന്നുണ്ട്’; മേയര്‍ ആര്യാ രാജേന്ദ്രന്‍


ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇരു ബസിലെയും ഡ്രൈവര്‍മാരെ ഇന്നലെ ഉച്ചയ്ക്ക് ജോയിന്റ് ആര്‍ടിഒ ഹിയറിങ്ങിനു വിളിച്ചു വരുത്തി. ബസുകള്‍ക്ക് നോട്ടിസ് നല്‍കി. മറുപടി ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. ചിന്നൂസ് ബസിലെ ഡ്രൈവറുടെ ലൈസന്‍സ് കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്കു കത്തു നല്‍കി. സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണു ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.

Exit mobile version