‘രാജി വയ്ക്കണം എന്ന് പറയുന്നവരൊക്കെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ വരുന്നുണ്ട്’; മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: ‘മേയര്‍ രാജി വയ്ക്കണം എന്ന് പറയുന്നവര്‍ പോലും അവരുടെ വാര്‍ഡിലെ ആവശ്യങ്ങള്‍ സാധിക്കാനും കത്ത് ഒപ്പിടാനും തന്റെ മുന്നില്‍ വരുന്നുണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. രാജി വയ്ക്കണമെന്ന് പറയുന്നവര്‍ അവരുടെ വാര്‍ഡില്‍ മേയറുടെ സേവനം ആവശ്യമില്ലെന്ന് പറയുന്നില്ലെന്നും ഇന്നും കത്ത് ഒപ്പിടാന്‍ തന്നെ കാണാന്‍ പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാര്‍ വന്നെന്നും ആര്യ മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിയോടെ പറയുന്നു. പ്രതിഷേധക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ജനം പ്രതികരിച്ചാല്‍ അതോടെ തീരും എല്ലാമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യ അറിയിച്ചു. മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആര്യ.

’55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയാണ് ഞാന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു. നഗരസഭയുടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി സൂചിപ്പിക്കുകയുണ്ടായി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ സ്വഭാവികമായും മുന്നോട്ടു പോകും.

Read Also:ഭാര്യയെ റോഡിലിറക്കിവിട്ട് ഭര്‍ത്താവ് കടന്നു: യുവതിയ്ക്ക് പിന്നാലെ കാര്യമറിയാതെ ഓടി നാട്ടുകാരും പോലീസും

ക്രൈംബ്രാഞ്ച് അന്വേഷണം പോസിറ്റീവായാണ് പോകുന്നത്. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്. ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ജനങ്ങളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. എനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ ക്രൈംബ്രാഞ്ച് തയാറായി.

അതുപോലെ, നഗരസഭ ജീവനക്കാരും ഓഫിസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു മൊഴി നല്‍കിയിട്ടുണ്ട്. സമരം തുടരുമ്പോഴും വാര്‍ഡിലെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ടും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന കത്തുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ട്. കോടതി എനിക്ക് അയച്ചുവെന്നു പറയപ്പെടുന്ന കത്ത് കൈപ്പറ്റിയിട്ടില്ല. അതില്‍ എന്തൊക്കെയാണു പരാമര്‍ശിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം.

അന്വേഷണത്തിന്റെ ഭാഗമായി എല്ലാ വശങ്ങളും പരിശോധിക്കണം, മേയറുടെ ഭാഗം കൂടി കേള്‍ക്കണം എന്ന കോടതിയുടെ നിലപാടിനോടു നന്ദി പറയുന്നു. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. കോടതി പറയുന്ന അന്വേഷണത്തിനോടു സഹകരിക്കുമെന്നും ആര്യ പറഞ്ഞു.

Exit mobile version