ഡാന്‍സ് ചെയ്ത് ഡ്രൈവിംഗ്: ബസില്‍ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓര്‍ക്കുന്നില്ല; വീഡിയോ സ്ഥിരീകരിച്ച് ജോമോന്‍

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍
അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്നതിന്റെ ദൃശ്യം പുറത്തു വന്നതിന് പിന്നാല വിശദീകരണവുമായി പ്രതി ജോമോന്‍. ജോമോന്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് നിന്ന് ഡാന്‍സ് ചെയ്തുകൊണ്ട് ബസ് ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസില്‍ വിശദീകരണം നല്‍കിയത്.

ഡാന്‍സ് ചെയ്യുന്ന ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയാണെന്ന് നേരത്തെ ജോമോന്‍ സ്ഥിരീകരിച്ചിരുന്നു. മറ്റൊരു ബസ് ഓടിച്ചപ്പോള്‍ എടുത്ത ദൃശ്യങ്ങളാണെന്നും ജോമോന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. വിദ്യാര്‍ഥി സംഘത്തിനൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു ഈ സംഭവമെന്നാണ് പോലീസ് മനസ്സിലാക്കുന്നത്. വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്.

ദൃശ്യങ്ങള്‍ 2010 ലേതാണെന്ന് ജോമോന്‍ സ്ഥിരീകരിച്ചു. പൂനെയിലേക്കുള്ള യാത്രക്കിടെ എടുത്ത ദൃശ്യങ്ങളാണിത്. എന്നാല്‍ ബസില്‍ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓര്‍ക്കുന്നില്ലെന്നാണ് ജോമോന്‍ പറയുന്നത്.

അതേസമയം വിദ്യാര്‍ഥികളടക്കം ഒമ്പതുപേര്‍ മരിക്കാനിടയായ വടക്കഞ്ചേരി അപകടം സംബന്ധിച്ച് പോലീസ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ പ്രാഥമികറിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ജോമോന്റ മുന്‍കാല ഡ്രൈവിംഗ് പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വീഡിയോ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Exit mobile version