രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഹെല്‍മറ്റില്ല, ലൈസന്‍സില്ല; അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിനിയ്‌ക്കെതിരെ കേസ്

കോഴിക്കോട്: മണാശേരിയില്‍ ലൈസന്‍സില്ലാതെ അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിനിയുടെ വാഹനം മുക്കം പോലീസ് പിടിച്ചെടുത്തു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് ലൈസന്‍സില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തു.

വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ലൈസന്‍സ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.44 ഓടെ മണാശേരി ജങ്ഷനിലായിരുന്നു സംഭവം. മുക്കത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്‌കൂട്ടര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാല്‍ വിദ്യാര്‍ഥിനികള്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

മൂന്നു വിദ്യാര്‍ഥിനികളാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരും ഹെല്‍മറ്റ് ധരിക്കുക പോലും ചെയ്തില്ല. ബാലന്‍സ് തെറ്റിയെങ്കിലും സ്‌കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍ വിദ്യാര്‍ഥികള്‍ ഓടിച്ചു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ ചര്‍ച്ചയാവുകയും തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

Exit mobile version