സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു; ചോദ്യം ചെയ്ത പോലീസുകാരിയുടെ മുഖത്തടിച്ചു! ‘ബുള്ളറ്റ് റാണി’ പിടിയിൽ

ഗാസിയാബാദ്: സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ചോദ്യം ചെയ്ത പോലീസുകാരിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വ്‌ളോഗറായ ബുള്ളറ്റ് റാണി അറസ്റ്റിൽ. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽമീഡിയയിലെ ആരാധകരാണ് താരത്തിന് ബുള്ളറ്റ് റാണി എന്ന പേര് ചാർത്തി നൽകിയത്.

കഴിഞ്ഞദിവസം രാത്രി സിറ്റി പാർക്ക് ജങ്ഷന് സമീപത്താണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ വനിതാ കോൺസ്റ്റബിളായ ജ്യോതി ശർമയുടെ സ്‌കൂട്ടറിലിടിച്ചത്. മറികടക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തിലെത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജ്യോതി ശർമ റോഡിലേക്ക് തെറിച്ചുവീണു. എന്നാൽ അപകടത്തിന് പിന്നാലെ കാറിൽനിന്ന് പുറത്തിറങ്ങിയ ശിവാംഗി പോലീസുകാരിയുമായി വാക്കേറ്റമുണ്ടാക്കുകയും ഇവരെ മർദിക്കുകയുമായിരുന്നു.

വീട്ടുകാരെ ഭയപ്പെടുത്താൻ ജനലിൽ തുണികെട്ടി അഭിനയിച്ചു; കഴുത്തിൽ കുരുക്ക് വീണ് യുവാവ് മരിച്ചു

പോലീസുകാരിയെ റോഡിൽ തള്ളിയിട്ട യുവതി, മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും ബുള്ളറ്റ് റാണി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ജ്യോതി ശർമ വിവരം പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ശിവാംഗിയെ പിടികൂടുകയുമായിരുന്നു.

പോലീസിന്റെ ‘ഡയൽ 112’ പട്രോളിങ് സംഘത്തിൽ ജോലിചെയ്യുന്ന ജ്യോതി ശർമ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ശിവാംഗി കോൺസ്റ്റബിളുമായി തട്ടിക്കയറുന്ന വീഡിയോകളും സൈബറിടത്ത് വൈറലാകുന്നുണ്ട്.

വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്നുലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇവർക്കുള്ളത്. കഴിഞ്ഞ മെയ് മാസത്തിലും ശിവാംഗിക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വീഡിയോകൾ പങ്കുവെച്ചതിന് പിന്നാലെയാണ് പോലീസ് യുവതിയെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയത്.

Exit mobile version