മദ്യപിക്കാന്‍ പണം നല്‍കിയില്ല, യൂട്യൂബ് വ്‌ലോഗറിന്റെ കാര്‍ അടിച്ച് തകര്‍ത്തു, രണ്ടരലക്ഷത്തിന്റെ ക്യാമറ കവര്‍ന്ന് മൂന്നംഗ സംഘം, പരാതി

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാര്‍ അടിച്ച് തകര്‍ത്ത്, ക്യാമറ കവര്‍ന്നെന്ന പരാതിയുമായി യൂട്യൂബ് വ്‌ലോഗര്‍. നെടുമങ്ങാട് സ്വദേശി കാര്‍ത്തിക് മണിക്കുട്ടനാണ് പരാതി നല്‍കിയത്.

കഴിഞ്ഞ കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആള്‍ മദ്യപിക്കാന്‍ തന്നെ ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടാറുണ്ടെന്ന് കാര്‍ത്തിക്കിന്റെ പരാതിയില്‍ പറയുന്നു.

also read: സഹോദരനെയും ഭാര്യയെയും കുഞ്ഞിനെയും തീക്കൊളുത്തി: യുവാവ് ജീവനൊടുക്കി, സഹോദരഭാര്യ ഗുരുതരാവസ്ഥയില്‍

വെള്ളിയാഴ്ചയും രാത്രി ഇതു പോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും, പണം നല്‍കാത്തതിനാല്‍ അസഭ്യം പറഞ്ഞെന്നും കാര്‍ത്തിക് പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാര്‍ത്തിക്കിന്റെ കാറിന്റെ നാലു ഭാഗത്തെ ഗ്ലാസുകള്‍ തകര്‍ക്കുകയും, കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറയുമായി പോകുകയായിരുന്നു.

ട്രിവിയന്‍ ഫുഡി എന്ന യൂട്യൂബ് ചാനല്‍ വഴി വീഡിയോകള്‍ ഇടുന്ന വ്യക്തിയാണ് കാര്‍ത്തിക്. യൂട്യൂബ് വരുമാനം വഴി വാങ്ങിയ കാര്‍ ആണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

Exit mobile version