റെയ്ഡ് മുൻപേ പ്രതീക്ഷിച്ചിരുന്നു; ടാക്‌സിൽ വീഴ്ച വരുത്തിയിട്ടില്ല; ആദായനികുതി വകുപ്പിന്റെ റെയ്ഡ് വീട്ടിൽ നടക്കുന്നില്ലെന്ന് വ്‌ളോഗർ സുജിത് ഭക്തൻ

കൊച്ചി: ആദായ നികുതി വകുപ്പ് കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നതിനിടെ പ്രതികരിച്ച് വ്‌ളോഗർ സുജിത് ഭക്തൻ. താൻ സിംഗപ്പൂർ-മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടിലോ ഓഫീസിലോ ആദായനികുതി റെയ്ഡ് നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു എന്ന വാർത്ത താൻ അറിഞ്ഞു.

തന്റെ പേരും വാർത്തകളിൽ പരാമർശമുണ്ടെന്നും അറിഞ്ഞു. എന്നാൽ തന്റെ വീട്ടിലോ ഓഫീസിലോ ഒന്നും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി ഇൻകം ടാക്‌സ് അടയ്ക്കുന്നുണ്ട്. ജിഎസ്ടി അടയ്ക്കുന്നുണ്ട്. ടാക്‌സ് സംബന്ധമായ കാര്യങ്ങളിൽ വീഴ്ച വരുത്താറില്ല. എനിക്ക് ഒരു കമ്പനി കൂടിയുണ്ട്. അതുകൊണ്ട് ഒരു വീഴ്ചയും വരുത്താറില്ല.

എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ നിർബന്ധമുള്ളതിനാൽ ടാക്‌സും ഇതുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളും കൃത്യമായി തന്നെ ചെയ്യാറുണ്ട്. യൂട്യൂബർമാർ ടാക്‌സ് അടയ്ക്കണം, എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ ചെയ്യണം എന്നും ഞാൻ ആവശ്യപ്പെടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ തന്നെ ഞാൻ ചെയ്തിട്ടുണ്ട്. അത് യൂട്യൂബർമാർക്കുള്ള നിർദ്ദേശമായാണ് ചെയ്തതെന്നും സുജിത് ഭക്തൻ പറഞ്ഞു.

തനിക്ക് വീടിന്റെ ലോൺ ഉണ്ട്. ബാങ്ക് ലോൺ തന്നത് തന്നെ ഇതെല്ലാം പരിശോധിച്ചാണ്. തന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഇല്ലെന്നാണ് പറയാനുള്ളതെന്നും സുജിത് ഭക്തൻ വ്യക്തമാക്കി.

ALSO READ- 11കാരി ജീവനൊടുക്കിയതല്ലെന്ന് അമ്മ; വസ്ത്രങ്ങൾ വ്യത്യസ്തം; നെഞ്ചിൽ നഖപ്പാടുകൾ; കുറിപ്പിലെ കൈയ്യക്ഷരം പെൺകുട്ടിയുടേതല്ലെന്നും കുടുംബം; ദുരൂഹത

കൂടാതെ, ഇത്തരം റെയ്ഡുകൾ വരുമെന്ന് താൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നെന്നും തന്റെ രേഖകൾ എല്ലാം ശരിയാക്കി വയ്ക്കാൻ നിർബന്ധം കാണിക്കാറുണ്ട്. നിരന്തരം വിദേശ യാത്ര നടത്തുന്ന ഒരാളാണ് താനെന്നും വിസ അടക്കമുള്ള കാര്യങ്ങൾ മുടക്കം കൂടാതെ ലഭിക്കണമെങ്കിൽ ഇൻകം ടാക്‌സ് അടച്ചേ മതിയാകൂവെന്നും സുജിത് ഭക്തൻ വിവരിച്ചു.

അതേസമം, പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്. ഇന്നു രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും ഒരുകോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.

Exit mobile version