മകളുടെ കല്ല്യാണത്തിന് സ്വരൂക്കൂട്ടിയ അരലക്ഷം രൂപ നഷ്ടമായി: ആക്രി വില്‍പ്പനക്കാരിയ്ക്ക് പണം കണ്ടെത്തി നല്‍കി മാതൃകയായി പോലീസ്

കോഴിക്കോട്: മകളുടെ കല്ല്യാണത്തിനായി സ്വരൂക്കൂട്ടിയ 50,000 രൂപ നഷ്ടമായെന്ന സങ്കടത്തോടെ എത്തിയ തമിഴ്‌നാട് സ്വദേശിനി മുത്താഭരണത്തിനു മണിക്കൂറുകള്‍ക്കകം പണം കണ്ടെത്തി നല്‍കി മാതൃകയായി മെഡിക്കല്‍ കോളജ് പോലീസ്.

ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന മുത്താഭരണം പുവാട്ടുപറമ്പ് പെരുമണ്‍പുറ ഭാഗത്താണ് താമസിക്കുന്നത്. പണം താമസ സ്ഥലത്തു നിന്ന് നഷ്ടമാകാതിരിക്കാന്‍ അരയില്‍ കെട്ടി നടക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുറ്റിക്കാട്ടൂരില്‍ ജോലിക്കിടെ അരയില്‍ നിന്നു താഴെ വീണു പണം നഷ്ടമായി. പണം നഷ്ടപ്പെട്ടതറിഞ്ഞ ഉടന്‍ മുത്താഭരണം കരഞ്ഞുകൊണ്ട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി.

Read Also: രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഉടന്‍ തന്നെ എസ്‌ഐ എം സുരേഷ്, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ മുഹമ്മദ് ഹനീഫ, സാദിഖ് അലി എന്നിവര്‍ ഉടനെ കുറ്റിക്കാട്ടൂരിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പണം ഒരാള്‍ എടുത്ത് കൊണ്ടു പോകുന്ന ദൃശ്യം ലഭിച്ചു. ദൃശ്യം വാട്‌സാപ് ഗ്രൂപ്പുകളില്‍ പങ്കുവച്ചു.

തുടര്‍ന്ന് പണം ലഭിച്ച ആനക്കുഴിക്കര സ്വദേശിയെ കണ്ടെത്തി ഉടനെ സ്റ്റേഷനിലെത്തിച്ചു. വൈകുന്നേരത്തോടെ സ്റ്റേഷനില്‍ നിന്ന് മുത്താഭരണത്തിന് നഷ്ടപ്പെട്ട പണം കൈമാറി. പോലീസിന് നന്ദി പറഞ്ഞു, തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം മുത്താഭരണം ഏറ്റുവാങ്ങി.

Exit mobile version