സഹോദരന്റെ ബൈക്കില്‍ സഞ്ചരിക്കവെ കാറിലിടിച്ച് തെറിച്ചുവീണു; യുവതിക്ക് ദാരുണമരണം

വളാഞ്ചേരി: ബൈക്കില്‍ സഞ്ചരിക്കവെ കാറിലിടിച്ച് തെറിച്ചുവീണ യുവതി മരിച്ചു. മലപ്പുറം കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്. സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണായിരുന്നു മരണം. ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍ക്കിള്‍ ഓഫീസിനടുത്ത് തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം.

സഹോദരന്‍ ജാബിറിനൊപ്പം ജുമൈല കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു ജുമൈല. ജാബിര്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിറകില്‍നിന്ന് ജുമൈല റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

also read- കാമുകന്റെ സഹായത്തോടെ ഹോര്‍ളിക്‌സില്‍ വിഷം കലക്കി കൊലപ്പെടുത്താന്‍ ശ്രമം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിസാരപരിക്കുകളോടെ ജാബിര്‍ വളാഞ്ചേരിയില്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി എട്ടിന് തൊഴുവാനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മറ്റ് സഹോദരങ്ങള്‍: ജംഷീര്‍, ജസീല, ജസീന.

Exit mobile version