ആരോരുമില്ലാത്ത തന്നെ സഹോദരീ പുത്രന്‍ സംരക്ഷിക്കുമെന്ന് വിശ്വസിച്ചു, വീടും സ്ഥലവും എഴുതി നല്‍കിയ വയോധികയെ നിഷ്‌കരുണം പുറന്തള്ളി; ചായ്പില്‍ ജീവിതം തള്ളിനീക്കി ചിന്നമ്മാള്‍

അട്ടപ്പാടി: ആരോരുമില്ലാതെ തനിച്ചായി പോയ തന്നെ സഹോദരന്റെ പുത്രനും കുടുംബവും സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍ എല്ലാ സ്വത്തും എഴുതി നല്‍കി വഞ്ചിക്കപ്പെട്ട് വയോധിക. അട്ടപ്പാടി ഗൂളിക്കടവില്‍ താമസിക്കുന്ന 85കാരിയായ ചിന്നമ്മാളിനോടാണ് ബന്ധുവിന്റെ ക്രൂരത.

ഈ വയോധികയുടെ വീടും സ്ഥലവും കൈക്കലാക്കിയ ശേഷം ഇവരെ പുറത്താക്കി സ്വത്ത് കൈവശപ്പെടുത്തിയിരിക്കുകയാണ് സഹോദരിയുടെ മകന്‍. ഇവരുടെ ഏഖ ആശ്രയമായിരുന്ന വീട്ടിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിക്കുകയും ചെയ്തു.

ഭര്‍ത്താവ് നേരത്തെ നഷ്ടപ്പെട്ട ചിന്നമ്മാള്‍ സഹോദരിയുടെ മകന്‍ രാജനെയായിരുന്നു തന്റെ മകനായി കണ്ട് സംരക്ഷിച്ചിരുന്നത്. മക്കളില്ലാത്ത ചിന്നമ്മാളിന് അവശതയില്‍ രാജന്‍ തണലാകുമെന്നായിരുന്നു പ്രതീക്ഷ.

ഈ വിശ്വാസത്തിലാണ് ചിന്നമ്മാള്‍ സ്വന്തമായുള്ള ഭൂമിയും വീടും രാജന്റെ പേരിലേക്ക് മാറ്റിയെഴുതി നല്‍കിയത്. എന്നാല്‍ സ്വത്തുക്കള്‍ കൈ വന്നതോടെ മറ്റൊരിടത്തേക്ക് താമസം മാറിയ രാജനും കുടുംബവും ചിന്നമ്മാളിനെ സംരക്ഷിക്കുന്നതും പരിചരിക്കുന്നതും അവസാനിപ്പിക്കുകയായിരുന്നു.

also read- നീലക്കുറിഞ്ഞി കരിഞ്ഞുവീഴുന്നു; പ്രതീക്ഷയോടെ ഒഴുകി എത്തിയ സഞ്ചാരികള്‍ക്ക് നിരാശ

കൂടാതെ ഈ വീടും സ്ഥലവും തന്റേതാണെന്നും ചിന്നമ്മാളിന് അവിടെ താമസിക്കാന്‍ അവകാശമില്ലെന്നും നിലപാടെടുത്തു. വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നല്‍കിയാണ് ചിന്നമ്മാള്‍ ദൈനംദിന ചെലവുകള്‍ നടത്തിയിരുന്നത്. എന്നാല്‍, വീടൊഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ ആ വരുമാനവും നിലച്ചു. നിലവില്‍ ബന്ധുവിന്റെ നരസിമുക്കിലുള്ള വീട്ടില്‍ ചോര്‍ന്നൊലിക്കുന്ന ചായ്പിലാണ് താമസം.

also read- ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു; പ്രകോപിതനായ രോഗി വനിതാ ഡോക്ടറെ മര്‍ദ്ദിച്ച് കൈയ്യൊടിച്ചു; മണക്കാട് സ്വദേശി പിടിയില്‍

കേള്‍വിക്കുറവും കാലിലെ പരിക്ക് കാരണം നടക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ചിന്നമ്മാള്‍. സംരക്ഷിക്കുമെന്ന് വിശ്വസിച്ച് സ്വത്ത് നല്‍കിയയാള്‍ വഞ്ചിച്ചതോടെ തന്റെ വസ്തുവകകള്‍ തിരികെ കിട്ടണമെന്നാണ് ചിന്നമ്മാളിന്റെ ആവശ്യം. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തംഗത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കളക്ടറെ സമീപിക്കാനാണ് നീക്കം.

Exit mobile version