റോഷന് സഹായഹസ്തവുമായി തിരുവനന്തപുരം നഗരസഭ: പുതിയ ശ്രവണ സഹായി ലഭ്യമാക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായിയും നഷ്ടമായ ബധിര വിദ്യാര്‍ഥി റോഷന് സഹായം പ്രഖ്യാപിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിന് നഗരസഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു.

രാജാജി നഗറിലെത്തി റോഷനെ സന്ദര്‍ശിച്ച ശേഷമാണ് മേയര്‍ ഇക്കാര്യം പറഞ്ഞത്. ശ്രവണ സഹായി കണ്ട് കിട്ടുന്നവര്‍ നഗരസഭയേയോ 9895 4440 67 എന്ന നമ്പരില്‍ അറിയിക്കണം. റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ടെന്നും അതിനായി എല്ലാവരും ഒപ്പമുണ്ടാകണമെന്നും ആര്യ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം മാധ്യമ വാര്‍ത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്‌ക്കൂളില്‍ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാര്‍ത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി. തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാര്‍ത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നല്‍കാന്‍ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്.

നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിക്കാന്‍ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവര്‍ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക. മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ, മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് റോഷന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായിയാണ് സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായത്. ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് റോഷന്‍. സ്‌കൂളില്‍ നിന്ന് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് ശ്രവണ സഹായി നഷ്ടമായത്.

Exit mobile version