‘ദേഷ്യത്തിനുള്ള മറുമരുന്ന് ക്ഷമയും വിവേകവും’: നന്മമുഖമായി കുറിപ്പിട്ട് ശ്യാമിന്റെ കൊടുംക്രൂരത

സമൂഹമാധ്യമത്തിലെ പരിചയം പ്രണയമായി: വിഷ്ണുപ്രിയ അകലാന്‍ ശ്രമിച്ചതോടെ പകയായി

കണ്ണൂര്‍: പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകി ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായിരിക്കുകയാണ്. ക്ഷമയും, വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന് എന്നെല്ലാം കുറിച്ചാണ് ശ്യാം ക്രൂരകൃത്യം ചെയ്തിരിക്കുന്നത്.

‘ദേഷ്യം നമ്മുടെ ദുര്‍ബലതയാണ്.., ക്ഷമയും, വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്…ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കരുത്…കോപം വന്നാല്‍ സ്വയം നിയന്ത്രിക്കണം..ദേഷ്യം അടങ്ങിയ ശേഷം വിവേകപൂര്‍വ്വം ചിന്തിക്കുക’. എന്നിങ്ങനെയാണ് ശ്യാം കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികള്‍ ഇങ്ങനെയായിരുന്നു.

പാനൂര്‍ വള്ളിയായില്‍ ചണ്ണച്ചാന്‍കണ്ടില്‍ ഹൗസില്‍ വിനോദിന്റെയും ബിന്ദുവിന്റെയും മകള്‍ വിഷ്ണുപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ക്രൂരമായി കൊല നടത്തിയ രീതിയെല്ലാം ശ്യാംജിത്ത് പോലീസിനോട് വിശദീകരിച്ചു. ആദ്യം ശ്യാംജിത്ത് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയുടെ തലയില്‍ അടിക്കുകയായിരുന്നു. ബോധരഹിതയായ വിഷ്ണുപ്രിയയെ കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയത്.

ചുറ്റികയും കത്തിയും കൈയ്യില്‍ കരുതിയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്കെത്തിയത്. കൂത്തുപ്പറമ്പിലെ ഒരു കടയില്‍ നിന്നും ചുറ്റിക വാങ്ങിയാണ് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിയതെന്ന് പ്രതി മൊഴി നല്‍കി. വീടിന്റെ പിന്‍വശത്തെ ഗ്രില്ല് തുറന്നാണ് പ്രതി അകത്ത് കയറിയത്.

വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്കായി എല്ലാവരും സമീപത്തെ തറവാട് വീട്ടിലായിരുന്നു. വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ശ്യാംജിത്ത് കൊല നടത്തിയത്.

സമൂഹമാധ്യമത്തിലൂടെയാണ് വിഷ്ണുപ്രിയയുമായി ശ്യാംജിത്ത് പരിചയപ്പെട്ടത്.
5 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറയുന്നു. 6 മാസമായി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇതിനിടയില്‍ വിഷ്ണുപ്രിയ മറ്റൊരാളുമായി പ്രണയത്തിലായി. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ശ്യാംജിത്തിന്റെ മൊഴി.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂത്തുപ്പറമ്പിന് സമീപം മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്. പാനൂരിലെ ഒരു ടെക്‌സ്റ്റൈല്‍സില്‍ സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു.

ഏറെ നേരമായിട്ടും വിഷ്ണുപ്രിയ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ബന്ധുവാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.
കഴുത്ത് പാതി അറ്റുപോയ നിലയിലായിരുന്നു. കൈകളിലും ഗുരുതരമായി പരുക്കേറ്റിരുന്നു. പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. ശ്യാംജിത്തുമായി അകന്നതിന് പിന്നാലെ ഇയാള്‍ വിഷ്ണുപ്രിയയുടെ ജോലി സ്ഥലത്തെത്തി ബഹളംവെക്കുകയും ചെയ്തെന്നും പോലീസ് കണ്ടെത്തി.

Exit mobile version