ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എഴുത്തുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രായാധിക്യം പരിഗണിച്ച് സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പുസ്തക പ്രകാശനത്തിനായി ഏപ്രില്‍ 17-ന് കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് സിവിക് ചന്ദ്രന്‍ അതിക്രമം കാണിക്കുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

also read- തലശേരി ടു ഖത്തര്‍! ഥാറില്‍ ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ ‘ഓള്’ പുറപ്പെട്ടു; അഞ്ച് കുഞ്ഞുങ്ങളുടെ അമ്മയായ നാജിക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ്

അതേസമയം, മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് പരാതിക്കാരിയുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് കോടതി നടത്തിയ പരാമര്‍ശം അന്ന് വിവാദമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി നിരീക്ഷിച്ചത്.

ഇതോടെ കോഴിക്കോട് സെഷന്‍സ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം ഹൈക്കോടതി നീക്കം ചെയ്യുകയും ചെയ്തു.

Exit mobile version