എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ വധശ്രമത്തിനും കേസ്; മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായി

കൊച്ചി: യുവഅധ്യാപികയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരെ വധശ്രമത്തിനും കേസെടുത്തു. 307, 354 ബി വകുപ്പുകളാണ് പുതിയതായി ചേര്‍ത്തത്. വധശ്രമ കുറ്റം കൂടി ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

എല്‍ദോസ് കുന്നപ്പിള്ളി അധ്യാപികയെ ആക്രമിച്ചെന്ന കേസിലാണ് പുതിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കേസെടുത്ത് എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

പരാതിക്കാരിയുമായി നടത്തിയ തെളിവെടുപ്പിനിടെ എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രവും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. മദ്യപിച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്നും കഴുത്തില്‍ പിടിച്ചെന്നും പരാതിക്കാരിയുടെ മൊഴിയിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് നീക്കം.

ALSO READ- എല്‍ദോസ് കുന്നപ്പിള്ളിയുടെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി; പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു; എംഎല്‍എ ഒളിവില്‍ തന്നെ

പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയതിനിടെയാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

Exit mobile version