വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയില്ല! ഉമ്മന്‍ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ലെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മിഷന്‍ കണ്ടെത്തി. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

അഴിമതിയുടെ ഒരു തെളിവും കമ്മിഷനു ലഭിച്ചില്ല. പദ്ധതിയില്‍ ആരോപണം ഉന്നയിച്ചവര്‍പോലും കമ്മിഷനു മുന്നില്‍ ഹാജരായില്ല. പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഴിമതി ആരോപണങ്ങളോടെയുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെട്ടു, വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള അന്വേഷണവും. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് യുഡിഎഫിന് കരുത്ത് പകരുന്നതാണ്.

Exit mobile version