കാല്‍ നനയ്ക്കാന്‍ കടലിലിറങ്ങി, ചുഴിയില്‍ അകപ്പെട്ട് 18കാരന്‍, രക്ഷകരായി യുവാക്കള്‍

youth|bignewslive

തിരുവനന്തപുരം: കടലില്‍ ചുഴിയില്‍പ്പെട്ട 18കാരന് രക്ഷകരായി യുവാക്കള്‍. വിഴിഞ്ഞത്താണ് സംഭവം. വെണ്ണിയൂര്‍ സരസ്വതി നിവാസിന്‍ ആദിത്യനാണ് ചുഴിയില്‍പ്പെട്ടത്.

വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിന്‍, രാഹുല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദിത്യന്‍ കാല്‍ നനയ്ക്കാന്‍ കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. അമ്മയുടെ സഹോദരന്റെ വീടായ നെടുമാങ്ങാട് നിന്ന് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ് ആദിത്യന്‍.

അവധി ദിനമായ ഇന്നലെ വെണ്ണിയൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഉച്ചയ്ക്ക് വിഴിഞ്ഞത്ത് എത്തുകയായിരുന്നു. വിഴിഞ്ഞം നോമാന്‍സ് ലാന്റില്‍ എത്തിയ ആദിത്യന്‍ ബാഗും ചെരുപ്പും കരയില്‍ വച്ചശേഷം കാല്‍ നനയ്ക്കാന്‍ കടലില്‍ ഇറങ്ങി.

പിന്നാലെ തിരയടിയില്‍ കടലിലേക്ക് വീണ് ചുഴിയില്‍ അകപ്പെടുകയായിരുന്നു. നീന്താന്‍ വശമില്ലാത്തതിനാല്‍ കയ്യുംകാലും ഉയര്‍ത്തി വെള്ളത്തില്‍ അടിച്ച് രക്ഷക്കായി ശ്രമിച്ചെങ്കിലും തീരത്ത് സമീപപ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ഈ സമയത്താണ് ബൈക്കില്‍ രതീഷും ജസ്റ്റിനും രാഹുലുമെത്തിയത്.

ആദിത്യന്‍ ആഴങ്ങളിലേക്ക് താഴുന്നതായി കണ്ടതോടെ അപകടം മനസിലാക്കിയ യുവാക്കള്‍ രണ്ടും കല്‍പ്പിച്ച് കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. താഴ്ന്ന് കൊണ്ടിരുന്ന ആദിത്യനെ ഉയര്‍ത്തിയെടുത്ത് കരയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ശേഷം തീരദേശ പോലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ ആദിത്യനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

Exit mobile version