രണ്ട് സ്ത്രീകളെ നരബലി നടത്തിയ വീടിന് സമീപം മുന്‍പും സ്ത്രീ കൊല്ലപ്പെട്ടു; ദേഹത്ത് 46 മുറിവുകള്‍, കൈകള്‍ അറ്റുപോയ നിലയില്‍; അന്വേഷിക്കണമെന്ന് ആവശ്യം

തിരുവല്ല: പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതകത്തിലും അന്വേഷണം വേണമെന്ന് ആവശ്യം. നെല്ലിക്കാലാ സ്വദേശിനി സരോജിന(60) കൊല്ലപ്പെട്ട സംഭവത്തിലാണ് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ എത്തിയത്.

ഒമ്പത് വര്‍ഷം മുമ്പായിരുന്നു സരോജിനിയെ ദേഹമാസകലം മുറിവേറ്റ് മരിച്ചനിലയില്‍ പന്തളത്ത് കണ്ടെത്തിയത്. പന്തളം ഉള്ളന്നൂരിലെ വഴിയരികിലാണ് സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. നരബലി നടന്ന വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം മാറിയാണ് സരോജിനി താമസിച്ചിരുന്നത്. ഇതാണ് ബന്ധുക്കളുടെ സംശയത്തിന് കാരണം.

2014 സെപ്റ്റംബര്‍ പതിനാലിന് രാവിലെ കണ്ടെത്തിയ മൃതദേഹത്തില്‍ 46 മുറിവുകളുണ്ടായിരുന്നു. ഇരുകൈകളിലും ആയിരുന്നു മുറിവുകളേറെയും. ഒരു കൈ അറ്റുപോയിരുന്നു. രക്തം വാര്‍ന്നാണ് മരണം. മൃതദേഹം കുളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് സരോജിനിയുടെ മകന്‍ പറഞ്ഞു. ഇപ്പോള്‍ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ സംഭവവുമായി അമ്മയുടെ കൊലപാതകത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മകന്‍ പറയുന്നു.

ALSO READ- പ്രണയിച്ച് വിവാഹം ചെയ്തിട്ട് രണ്ട് മാസം; നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അതേസമയം, ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം.

Exit mobile version