വടക്കഞ്ചേരി അപകടം: മരണപ്പെട്ട കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ; തിങ്കളാഴ്ച തന്നെ തുക കൈമാറും

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അപകടത്തില്‍ മരണമടഞ്ഞ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് വേഗത്തില്‍ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാകുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും വേഗത്തില്‍ തുക ലഭ്യമാകുന്നത്.

2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (യാത്രക്കാര്‍ക്കുള്ള വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ് യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ് ) ആക്ട് പദ്ധതി പ്രകാരം യാത്രക്കാര്‍ക്ക് നല്‍കി വരുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്.

ഇതില്‍ നിന്നും അടിയന്തര സഹായം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പത്ത് ലക്ഷം നല്‍കും.

New India Assurance Co.Ltd നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് 2 കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി മേല്‍ ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.

അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ചികിത്സാ / നഷ്ടപരിഹാരത്തിനും സെസ് ഇന്‍ഷുറന്‍സില്‍ വ്യവസ്ഥ ഉണ്ട്. ഇത് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത മറ്റ് യാത്രകാര്‍ക്കും ക്ലൈം വരുന്ന മുറക്ക് സെസ് ഇന്‍ഷറന്‍സില്‍ നിന്നും ലഭിക്കുന്നതാണ്.

Exit mobile version