ബസ് അപകടം: അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; പരിക്കേറ്റവര്‍ക്ക് 50,000; അനുശോചിച്ച് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും

ന്യൂഡല്‍ഹി: പാലക്കാട് വടക്കഞ്ചേരിക്ക് സമീപമുണ്ടായ ബസുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനമായി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അനുശോചനം അറിയിച്ചു. ‘സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവര്‍ അതിവേഗം സുഖംപ്രാപിക്കട്ടെ’- രാഷ്ട്രപതി സോഷ്യല്‍മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ് പാലക്കാട് വടക്കഞ്ചേരിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിനു പിന്നിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്.

also read- വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ദേശീയ താരവും; രോഹിത് സഞ്ചരിച്ചത് കെഎസ്ആര്‍ടിസി ബസില്‍

ബസില്‍ 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് കുട്ടികളും അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്. 60 പേര്‍ക്കു പരുക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് സൂചന. മണിക്കൂറില്‍ 97.5 വേഗത്തിലായിരുന്നു ടൂറിസ്റ്റ് ബസ് പാഞ്ഞതെന്നാണ് വിവരം.

അതേസമയം, അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ മുന്‍പ് ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായിട്ടില്ലെന്ന് കോട്ടയം ആര്‍ടിഒ അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകള്‍ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകള്‍. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനാണ്. ഒരു കേസില്‍ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു. 2023 സെപ്റ്റംബര്‍ 18 വരെ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Exit mobile version