കാഞ്ഞിരപ്പള്ളി കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളിയില്‍ കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരന് എതിരെ നടപടി. ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നും കഴിഞ്ഞദിവസം കണ്ടെടുത്ത ദൃശ്യങ്ങളില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത് പോലീസുകാരനായ ശിഹാബാണെന്ന് വ്യക്തമായിരുന്നു. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത്.

ഇയാള്‍ സ്‌കൂട്ടര്‍ കടയുടെ സമീപം നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സകൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

also read- മദ്യപിച്ച് തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി, രണ്ട് പേര്‍ അറസ്റ്റില്‍

പിന്നീട്‌സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Exit mobile version