അന്ന് വൃക്ക രോഗിക്ക് വേണ്ടി കടല വറുത്ത് പണം കണ്ടെത്തി; ഇന്ന് നജ്‌ന മെഹറിന്റെ ചികിത്സയ്ക്കായി പള്ളിയങ്കണത്തില്‍ കായ വറുത്ത് ഫാ. ഡേവിസ് ചിറമ്മല്‍; സമാഹരിച്ചത് ലക്ഷങ്ങള്‍

പഴഞ്ഞി: വീണ്ടും ഒരു ജീവന്‍ രക്ഷിക്കുക എന്ന ഉദ്യമത്തിനായി പള്ളിയങ്കണത്തില്‍ കായ വറുത്ത് ചികിത്സാ നിധിയിലേക്ക് പണം സമാഹരിച്ച് ഫാദര്‍ ഡേവിസ് ചിറമ്മല്‍. അഞ്ചു വയസ്സുകാരി നജ്‌ന മെഹറിന്‍ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി സഹായം നല്‍കാന്‍ പഴഞ്ഞി പള്ളിയങ്കണത്തിലാണ് ഫാദര്‍ കായ വറുത്ത് വിതരണം ചെയ്തത്.

തലസീമിയ രോഗം ബാധിച്ച നജ്‌ന മെഹറിനു വേണ്ടി നാലു മണിക്കൂര്‍ കായ വറുത്ത് സമാഹരിച്ചത് 2.25 ലക്ഷം രൂപയാണ്. ഈ തുക കുടുംബത്തിന് കൈമാറും. ശനിയാഴ്ച രാത്രി എട്ടോടെ ആരംഭിച്ച പരിപാടി രാത്രി 12 വരെയാണ് നീണ്ടത്. കായ വറുത്തത് സൗജന്യമായിട്ടാണ് വിതരണം ചെയ്തത്. വറുത്ത കായെടുത്ത് കഴിക്കാനെത്തിയവര്‍ ഫാദറിന്റെ ഉദ്യമത്തില്‍ സ്വമനസാലേ പങ്കാളികള്‍ ആവുകയായിരുന്നു.

കടവല്ലൂര്‍ വടക്കേ കോട്ടോല്‍ കരുമന്തല വളപ്പില്‍ നാസറിന്റെ മകളാണ് നജ്‌ന മെഹറിന്‍. കുട്ടിയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ പണം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തവെയാണ് ഫാദര്‍ ഡേവിസ് മുന്നോട്ട് വന്നത്. പഴഞ്ഞി കത്തീഡ്രല്‍ വികാരി ഫാ. സക്കറിയ കൊള്ളന്നൂര്‍, സഹവികാരി ഫാ. തോമസ് ചാണ്ടി, സാമൂഹികപ്രവര്‍ത്തകരായ ഷിജു കോട്ടോല്‍, ഷിജി കോട്ടോല്‍, വാര്‍ഡ് അംഗം കെ.എസ്. നിഷ എന്നിവരും ജനകീയ ചികിത്സാസഹായ സമിതി അംഗങ്ങളും അച്ചനൊപ്പം ചേര്‍ന്നു.

മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് നജ്‌നയുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക വഴി. ന്ജനയുടെ സഹോദരന്‍ നസലും (12) ജനിതകരോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലാണ്. ഇവരുടെ ചികിത്സാസഹായത്തിനു വേണ്ടി ജനകീയ ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

ALSO READ- ബാങ്ക് ജോലി ഉപേക്ഷിച്ച്‌ കെട്ടിപ്പടുത്ത അറ്റ്‌ലസ്; ബാങ്കുകള്‍ കാരണം ഒടുവില്‍ ജയില്‍ വാസവും;സിനിമയേയും സാഹിത്യത്തേയും അത്രമേല്‍ സ്‌നേഹിച്ച രാമചന്ദ്രനെ ഓര്‍ത്ത് കലാലോകം

ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ദുള്‍ നാസര്‍- 9744265257, കെ.എസ്. നിഷ- 9946738614, ഷിജു കോട്ടോല്‍- 9349211804 തുടങ്ങിയവരുമായി ബന്ധപ്പെടണമെന്ന് ജനകീയസമിതി ഭാരവാഹികള്‍ അറിയിക്കുന്നു.

അതേസമയം, ഫാ. ഡേവിസ് ചിറമ്മല്‍ ചികിത്സാസഹായവുമായി മുമ്പും പള്ളിയങ്കണത്തില്‍ എത്തിയിരുന്നു. 2018-ല്‍ വൃക്കരോഗിയായ വടക്കേ കോട്ടോല്‍ സ്വദേശിക്കുവേണ്ടി കടല വറുത്താണ് പണം സമാഹരിച്ചത്. അന്ന് ഒരു ലക്ഷം രൂപയാണ് കുടുംബത്തിന് കണ്ടെത്തിയത്.

Exit mobile version