ഒരു കിലോമീറ്റര്‍ അകലം മാത്രം വീടുകള്‍ തമ്മില്‍; രാഷ്ട്രീയ ഗുരുവിന്റെ മകളെ ഭാര്യയാക്കിയ ശിഷ്യന്‍; കോടിയേരി-വിനോദിനിയുടേത് അന്നത്തെ അറേഞ്ച്ഡ് പ്രണയ കഥ

കണ്ണൂര്‍: രാഷ്ട്രീയ ജീവിതവും സ്വകാര്യ ജീവിതവും ഒരു പോലെ സൗമ്യമായി കൊണ്ടുപോയ നേതാവായിരുന്നു കോടിയേരി. ഭാര്യ വിനോദിനിയും രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായതിനാല്‍ കോടിയേരിയുടെ തിരക്കുകള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നല്ലപാതിയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. ഏറെ കോലാഹങ്ങളോ ചര്‍ച്ചകളോ ഉണ്ടാക്കാത്ത അറേഞ്ച്ഡ് പ്രണയം എന്നൊക്കെ പറയാവുന്ന വിവാഹമാണ് നടന്നത്. കോടിയേരിയുടെ വീട്ടില്‍ നിന്ന് വെറും ഒരുകിലോമീറ്റര്‍ അകലെയാണ് വിനോദിനിയുടെ വീട്.

തലശ്ശേരിക്കടുത്ത മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിലായിരുന്നു കോടിയേരിയുടെ വീട്. മുളിയില്‍ നടയിലായിരുന്നു വിനോദിനിയുടെ മൊട്ടേമ്മല്‍ വീട്. ഇരുവീട്ടുകാരും നല്ല അടുപ്പത്തിലായിരുന്നു. കോടിയേരിയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ കുറുപ്പും വിനോദിനിയുടെ പിതാവ് എംവി രാജഗോപാലനും ഒരേ സ്‌കൂളിലെ അധ്യാപകരായിരുന്നു. ആ അടുപ്പമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും തമ്മിലുള്ള വിവാഹത്തിലേക്കും നീണ്ടത്.

യഥാര്‍ഥത്തില്‍ കോടിയേരിയുടെ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു പിന്നീട് തലശ്ശേരി എംഎല്‍എയായിരുന്ന സിപിഎം നേതാവ് എം വി രാജഗോപാലന്‍. ഇദ്ദേഹത്തിന്റെ മകളായിരുന്നു വിനോദിനി. കോടിയേരി ബാലകൃഷ്ണന്‍ അക്കാലത്ത് രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പും പരിചയക്കാരായിരുന്നു ഇരുവരും.

ALSO READ- ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങിയത് സ്‌കൂള്‍ പഠനകാലത്ത്; റിലീസ് ദിനത്തില്‍ സിനിമകള്‍ കാണുന്ന, ഡയറിയും പേനയും ഏറെ ഇഷ്ടപ്പെട്ടിരുന്ന കോടിയേരി!

തന്റെ ശിഷ്യന്‍ എന്ന രീതിയിലാണ് കോടിയേരിയെ രാജഗോപാലന്‍ പരിഗണിച്ചത്. ശിഷ്യന് മകളോട് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹം ഒരു തടസവുമില്ലാതെ തന്നെ നടന്നു. വിവാഹം നടന്നത് 1980ലാണ്. ഈ കാലത്ത് കോടിയേരി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.

വിവാഹം തലശ്ശേരി ടൗണ്‍ ഹാളില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എ വി കുഞ്ഞമ്പുവിന്റെ കാര്‍മികത്വത്തിലായിരുന്നു. പാര്‍ട്ടി രീതിയില്‍ ലളിതമായ ചടങ്ങ് മാത്രമായി വിവാഹം ഇരു കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും ആഘോഷമാക്കി. ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടുമെന്ന സിനിമാ ഡയലോഗ് പോലെ തന്നെയായിരുന്നു ലളിതമായ ചടങ്ങ്. പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹത്തിന് ശേഷം രാഷ്ട്രീയപരമായും കോടിയേരിക്ക് വലിയ ഉയര്‍ച്ച മാത്രമാണ് ഉണ്ടായത്. അന്നുതൊട്ട് ചെന്നൈയിലെ ആശുപത്രി കിടക്കയില്‍ വരെ സദാസമയം കൂടെ തന്നെ നില്‍ക്കുകയായിരുന്നു വിനോദിനി.

Exit mobile version