കോഴിക്കോട് ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് അന്വേഷിക്കുന്നു; മൊഴിയെടുക്കാനായി കൊച്ചിയിലേക്കും കണ്ണൂരിലേക്കും സംഘം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷന്‍ പരിപാടിക്കിടെ യുവനടിമാര്‍ക്ക് നേരേ നടന്ന ലൈംഗികാതിക്രമത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സിനിമയുടെ നിര്‍മാതാക്കളുടെ പരാതി ലഭിച്ചതോടെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചത്.

സംഭവത്തിലെ അന്വേഷണത്തിന്റെ ആദ്യഘട്ടമായി നടിമാരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ഇതിനിടെ, അതിക്രമം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു. അതിക്രമത്തിനിരയായ നടിമാരില്‍ ഒരാള്‍ നിലവില്‍ കണ്ണൂരിലും മറ്റൊരാള്‍ കൊച്ചിയിലുമാണുള്ളത്. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താനായി വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരിച്ചു.

also read- മയക്കുമരുന്നിന് അടിമകള്‍ ആയവര്‍ മലയാള സിനിമയില്‍ വേണമെന്നില്ല; പോലീസിന് ലൊക്കേഷനുകള്‍ പരിശോധിക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍!

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനുപുറമേ ഷോപ്പിങ് മാളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് എത്രയും വേഗം ഇവരെ പിടികൂടാനാണ് പോലീസ് നീക്കം. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്.

Exit mobile version