ധീരജിനെ ചേര്‍ത്ത് പിടിച്ച് സിപിഎം: കുടുംബത്തിന് 35 ലക്ഷം രൂപ സഹായം കൈമാറി; ചെറുതോണിയില്‍ 3 നിലകളിലായി സ്മാരക മന്ദിരം

ചെറുതോണി: കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബസഹായ നിധി മുഖ്യമന്ത്രി പിണറായി വിജയന്‍ ധീരജിന്റെ കുടുംബത്തിന് കൈമാറി. അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്‌കലക്കും 25 ലക്ഷം രൂപ വീതവും അനുജന്‍ അദ്വൈതിന്റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നല്‍കിയത്.

കുടുംബസഹായ നിധിയിലേക്ക് ആകെ 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ശേഖരിച്ചത്. ധീരജിനൊപ്പമുണ്ടായിരുന്നതും സംഘര്‍ഷത്തില്‍ പരുക്കേറ്റതുമായ അമലിനും അഭിജിത്തിനും തുടര്‍ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി.

ചെറുതോണിയില്‍ സ്ഥാപിക്കുന്ന ധീരജ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറിയുമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി നാലു ദിവസങ്ങളിലായി ഒരു കോടി അന്‍പത്തിയെട്ടു ലക്ഷം രൂപയാണ് സമാഹരിച്ചത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി ആയിരുന്നു ധീരജെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു ദുശീലവും ഇല്ലാത്ത ആളായിരുന്നു. എസ്എഫ്‌ഐയുടെ വളര്‍ച്ചയുടെ വേഗത കണ്ണഞ്ചിപ്പിക്കുന്ന വിധം വര്‍ധിക്കുന്നു. ചില തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാര്‍ട്ടി ഇക്കാലത്തും സ്വീകരിച്ചു. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊലപ്പെടുത്തിയത്. ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനല്‍ കൃത്യം നടത്തിയത്. സംഭവം എല്ലാരേയും വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നാടിനെ നടക്കുകയും എല്ലാവരും അപലപിക്കുകയും ചെയ്തു. അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്ക് പശ്ചാത്താപം ഉണ്ടാകും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിന്റെ തലപ്പത്തു നിന്നാണ് കൊലക്ക് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വം രക്തസാക്ഷിത്വത്തെ അപമാനിച്ചു. കെപിസിസി അധ്യക്ഷന്‍ നിരവധി തവണ ആക്ഷേപിച്ചു. ഡിസിസി പ്രസിഡന്റ് ധീരജിന്റെ അനുഭവം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തി. ഇതിനെതിരെ ഒരഭിപ്രായവും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്സ് ഇന്ന് അത്തരത്തിലുള്ള പാര്‍ട്ടിയായി മാറി. ക്യാമ്പസുകളില്‍ ആയുധം എടുത്തുള്ള അക്രമണത്തിന് തുടക്കം കുറിച്ചത് കെഎസ്‌യു ആണ്. എസ്എഫ്‌ഐ ശക്തിപ്പെടുന്നത് അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്നു. അരുംകൊല നടത്തിയവരെ സംരക്ഷിക്കാന്‍ അഖിലേന്ത്യ നേതാവ് വരെ തയ്യാറാകുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

Exit mobile version