ക്യാംപസിലെ നല്ലപാട്ടുകാരന്‍, പഠനത്തിലും മിടുക്കന്‍: രാഷ്ട്രീയപക ഇല്ലാതാക്കിയത് യുവപ്രതിഭയെ, ധീരജിന്റെ വിയോഗത്തില്‍ കണ്ണീരുണങ്ങാതെ കൂട്ടുകാര്‍

രാഷ്ട്രീയപക ക്യാംപസില്‍ കത്തിക്കയറിയപ്പോള്‍ ധീരജ് എന്ന യുവപ്രതിഭയെയാണ് എന്നന്നേക്കുമായി നഷ്ടമായത്. ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ധീരജ് രാജേന്ദ്രന്‍.

കൂട്ടുകാര്‍ക്കിടയില്‍ ഇഷ്ടപ്പെട്ട കലാകാരനും സഹൃദയനുമായിരുന്നു ധീരജ്. കോളേജിലും ഹോസ്റ്റലിലും പ്രിയപ്പെട്ടവന്‍. പൈനാവ് എന്‍ജിനിയറിങ് ക്യാമ്പസില്‍ നല്ല പാട്ടുകാരനായി വിദ്യാര്‍ത്ഥികളുടെ ഹൃദയത്തുടിപ്പായി മാറിയ കലാകാരനായിരുന്നു ധീരജ്.

ഇപ്പോഴിതാ ആ വേദനകളുടെയും നഷ്ടത്തിന്റെയും ആഴം വര്‍ധിപ്പിച്ച് ധീരജിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അതിമനോഹരമായി പാടുമായിരുന്നു ധീരജ്. കോളജിലെ പ്രസരിപ്പിന്റെ മുഖമായിരുന്ന ധീരജ് പാടിയ പാട്ടുകളിലൊന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

‘അന്ത വിണ്ണില്‍ ആനന്ദം ഇന്ത മണ്ണില്‍ ആനന്ദം’ എന്ന ഗാനമാണ് ഓര്‍മ്മകളായി നിറയുന്നത്. പച്ചൈക്കിളികള്‍ തോളോട് എന്ന ഗാനത്തില്‍ നിന്നുള്ള ഭാഗം നിരവധി പേരാണ് വേദനയോടെ ഷെയര്‍ ചെയ്യുന്നത്. ലളിതഗാനത്തിലും ശാസ്ത്രീയ ഗാനത്തിലുമെല്ലാം നല്ല പ്രാവീണ്യം നേടിയിരുന്നു. ഏത് ഗാനം കേട്ടാലും കൂട്ടുകാരുടെ മുന്നില്‍ പാടാറുണ്ട്.

അമ്മയും അച്ഛനും രണ്ടു മക്കളുമടങ്ങിയ കുടുംബത്തില്‍ ധീരജ് നിറച്ചിരുന്നത് സന്തോഷത്തിന്റെ പാട്ടുകളായിരുന്നു. അടുത്ത സൃഹൃത്തുക്കളോട് നന്നായി സംസാരിക്കുന്ന ധീരജ്, നാട്ടുകാര്‍ക്ക് നന്നായി പഠിക്കുന്ന കുട്ടിയാണ്. തളിപ്പറമ്പ് ‘ചിന്മയ’യിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എന്‍ട്രന്‍സ് എഴുതിയ ശേഷം അവന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു എന്‍ജിനിയറിങ് പഠനം. ദൂരെയായതിനാല്‍ അടുത്തെവിടെയെങ്കിലും ചേരാമെന്ന് അമ്മ ഒരിക്കല്‍ പറയുകയും ചെയ്തു. പക്ഷേ, സര്‍ക്കാര്‍ കോളേജിലെ പഠനമെന്ന ധീരജിന്റെ ആഗ്രഹത്തിന് മുന്നില്‍ അമ്മ വഴങ്ങുകയായിരുന്നു.

പഠനത്തില്‍ എന്നും മിടുക്കനായിരുന്നു ധീരജ്. കൂടെ പഠിച്ചവരും അമ്മയുടെ സഹപ്രവര്‍ത്തകരുടെ മക്കളുമെല്ലാം പേരെടുത്ത കോച്ചിങ് സെന്ററുകള്‍ തേടിപ്പോയപ്പോള്‍ കണ്ണൂരില്‍ തന്നെ മതിയെന്നായിരുന്നു ധീരജിന്റെ തീരുമാനം. മികച്ച റാങ്ക് നേടി എന്‍ജിനിയറിങ്ങിന് ചേര്‍ന്ന ധീരജ് കോളേജില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായി. ഒരു സെമസ്റ്റര്‍ കൂടിയാണ് ഇനി ബാക്കിയുണ്ടായിരുന്നത്.

എപ്പോഴും ഏത് വിദ്യാര്‍ത്ഥികള്‍ക്കും സമീപിക്കാന്‍ കഴിയുന്ന സഹായിയുമായിരുന്നു. നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും ജൂനിയര്‍ വിദ്യാര്‍ത്ഥികളോടുള്ള ഇടപെടലിലൂടെ വലിയ സുഹൃദ്ബന്ധവും കലാലയത്തില്‍ ധീരജിനുണ്ടായിരുന്നു. ഭാവി വാഗ്ദാനമാവേണ്ട പ്രതിഭയെയാണ് അകാലത്തില്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് കൂട്ടുകാരും ബന്ധുക്കളും.

കൂവോട്ടെ താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സായ അമ്മ പുഷ്‌കലയോട് ധീരജിന് അപകടം പറ്റിയെന്ന് പറഞ്ഞാണ് സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിച്ചത്. അച്ഛന്‍ രാജേന്ദ്രനും സഹോദരന്‍ അദ്വൈതും വീട്ടിലുണ്ടായിരുന്നു. അവരോടും പരിസരവാസികള്‍ അപകടം പറ്റിയെന്നാണ് പറഞ്ഞത്. പുഷ്‌കലയുടെ ഫോണ്‍ പോലും വിവരമറിഞ്ഞ സഹപ്രവര്‍ത്തകര്‍ മാറ്റിവച്ചിരുന്നു. പരിസരവാസികളും മറ്റും എത്തിയതോടെ വീട്ടില്‍ നിലവിളിയുയര്‍ന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ധീരജ് രാജേന്ദ്രന്‍ (21) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുത്തേറ്റു മരിച്ചത്. സമാധാനപരമായി നടന്ന കോളേജ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തെത്തിയ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു.

കോണ്‍ഗ്രസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖില്‍. നിഖിലാണ് കുത്തിയതെന്ന് പോലീസും സ്ഥിരീകരിച്ചു. കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും കെഎസ്യുവിന്റെ ഒരു ഭാരവാഹിയും അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് എസ്എഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കി.

Exit mobile version