ധീരജ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍; നിഖില്‍ പൈലി കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും അടുത്ത അനുയായി

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി പോലീസ് കസ്റ്റഡിയില്‍. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

വിദ്യാര്‍ഥികളെ അക്രമിച്ച ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. മണിയാറംകുടി സ്വദേശി നിഖില്‍ പൈലിക്ക് ഉന്നത കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ അടുത്ത അനുയായിയാണ് നിഖില്‍ പൈലി. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നിഖില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Read Also: ‘ധീരജിന്റെ നെഞ്ചിലാണ് കുത്തിയത്, ആശുപത്രിയിലേക്ക് പോകുമ്പോള്‍ ജീവന്റെ തുടിപ്പില്ലായിരുന്നു’: ദൃക്‌സാക്ഷി പറയുന്നു

ധീരജിനെ കൊന്ന ശേഷം നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ വെളിപ്പെടുത്തിയത്. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗ് എഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് തളിപ്പറമ്പ് പാല്‍കുളങ്ങര രാജേന്ദ്രന്റെ മകന്‍ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനില്‍, അമല്‍ എഎസ് എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്. ധീരജിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തി വീഴ്ത്തിയ ഉടന്‍ നിഖില്‍ പൈലിയും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, ധീരജിന്റെ കൊലപാതകത്തെ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അപലപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റായത് മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം വര്‍ധിച്ചുവെന്നും എസ്എഫ്‌ഐ അഭിപ്രായപ്പെട്ടു.

Exit mobile version