ബാപ്പ എന്റെ പാഠശാല: എന്നെ എന്‍ജിനീയറാക്കാനായിരുന്നു ആഗ്രഹം, രാഷ്ട്രീയം ജീവനോപാധിയാക്കരുതെന്ന് ഓര്‍മിപ്പിച്ചു; ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലപാടുകള്‍ തുറന്നു പറയാന്‍ മടി കാണിക്കാതിരുന്ന ശക്തനായ നേതാവ്.
മലബാറില്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ വേരുകള്‍ ഉറപ്പിച്ചു നിര്‍ത്തിയ കരുത്തനായ സാരഥി, വിശേഷണങ്ങള്‍ ഏറെയുണ്ട് ആര്യാടന്‍ മുഹമ്മദെന്ന നേതാവിന്. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്.

കരുത്തുറ്റ നേതാവായ ബാപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മകന്‍ ആര്യാടന്‍ ഷൗക്കത്ത്. ബാപ്പ എന്റെ പാഠശാലയാണ്. ഒരുപാടുമൂല്യങ്ങള്‍ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ജീവചരിത്രം വായിക്കാന്‍ തന്നതാണ് ആ പാഠശാലയിലെ ആദ്യപാഠം. ദേശത്തോടുള്ള കൂറും മതനിരപേക്ഷതയും തുടങ്ങി വ്യക്തിയെന്ന നിലയ്ക്കും പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും അനിവാര്യമായ മൂല്യങ്ങള്‍ അറിഞ്ഞുതുടങ്ങിയത് ആ വായനയിലൂടെയാണ്.

ഒന്നാംക്ലാസില്‍ വെച്ചു തന്നെ പത്രവായന വല്യുമ്മായ്ക്കുവേണ്ടി തുടങ്ങിയിരുന്നെങ്കിലും പുസ്തകവായനയിലേക്ക് ഗൗരവമായി കടക്കുന്നത് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ജീവിതകഥയിലൂടെയാണ്.

ധീരനായ ഒരു വിപ്ലവകാരിയും ബാപ്പയില്‍ ഉണ്ടായിരുന്നു. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്ന കാലത്ത് ആണുങ്ങളെല്ലാം മൊട്ടയടിക്കണമെന്ന കാരണവരുടെ തീരുമാനത്തിനെതിരേ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ ഉറച്ച നിലപാടെടുത്തയാളാണ് ബാപ്പ. മൊട്ടയടിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു അദ്ദേഹം. തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ചിലര്‍ക്ക് അപ്രിയമാണെന്നുതോന്നിയാലും വിളിച്ചുപറയാനുള്ള തന്റേടമാര്‍ന്ന ശൈലി അന്നേ രൂപപ്പെട്ടുതുടങ്ങിയിരുന്നു.

‘പാഠം ഒന്ന് ഒരു വിലാപം’ എന്ന എന്റെ സിനിമ പുറത്തിറങ്ങിയപ്പോള്‍ നേരിടേണ്ടിവന്ന ഭീഷണികളെ നേരിടുന്നതില്‍ ബാപ്പ ഊര്‍ജമായി. എന്നാല്‍ പുരോഗമനപരമായ നിലപാടുകളെടുക്കുമ്പോള്‍ത്തന്നെ വിശ്വാസി തന്നെയായിരുന്നു അദ്ദേഹം എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഞങ്ങള്‍ പള്ളിയില്‍പ്പോകുന്നത് അദ്ദേഹത്തിനും ഇഷ്ടമുള്ള കാര്യമായിരുന്നു. യാഥാസ്ഥികത്വത്തോടുമാത്രമായിരുന്നു എതിര്‍പ്പ്. സിനിമകളെടുക്കുമ്പോള്‍ മറ്റുള്ളവരെ മുറിപ്പെടുത്താതെ വേണം വിമര്‍ശനങ്ങള്‍ അവതരിപ്പിക്കാന്‍ എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കാറോ യാത്രാസൗകര്യങ്ങളോ കുറഞ്ഞകാലത്താണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ബാപ്പ ശ്രദ്ധിക്കപ്പെടുന്നത്.

സാധാരണക്കാരോടും തൊഴിലാളികളോടുമുള്ള സഹാനുഭൂതിയുടെ ഭാഗമായിരുന്നു കഷ്ടപ്പെട്ട് യാത്രചെയ്ത് അവരോടൊപ്പം താമസിച്ചുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം. ജീവിതത്തിലൂടനീളം മനുഷ്യരെ സേവിക്കുന്ന കര്‍മം തുടര്‍ന്നു.

രാഷ്ട്രീയത്തില്‍ ഞാന്‍ വരുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നെ എന്‍ജിനീയറാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഞാന്‍ രാഷ്ട്രീയം തിരഞ്ഞെടുത്തപ്പോള്‍ എതിര്‍ത്തില്ല. രാഷ്ടീയം ജീവനോപാധിയാക്കരുതെന്ന് ഓര്‍മിപ്പിച്ചു. അതും വിലപ്പെട്ട മറ്റൊരു പാഠമായിരുന്നു.

Exit mobile version