കെഎസ്ആര്‍ടിസിക്ക് നല്‍കിയ പരസ്യം പിന്‍വലിച്ച് പ്രമുഖ ജ്വല്ലറി: പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവും കേസും ജ്വല്ലറി വഹിക്കും

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ച് കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പ്. ഇക്കഴിഞ്ഞ ആറ് മാസമായി കെഎസ്ആര്‍ടിസിക്ക് നല്‍കിവരുന്ന അഞ്ച് ലക്ഷം രൂപയുടെ പരസ്യകരാറില്‍ നിന്നാണ് ‘അച്ചായന്‍സ്’ ജ്വല്ലറി പിന്മാറി. ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടി.

അതേസമയം ധീരയായ പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവ് വഹിക്കാനും ജ്വല്ലറി തീരുമാനിച്ചു. കേസ് നടത്താന്‍ കുടുംബത്തിന് നിയമസഹായം നല്‍കാനും ജ്വല്ലറി ഗ്രൂപ്പ് തയ്യാറാണെന്നും ജ്വല്ലറി അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ദുഃഖം തോന്നി. നാളെ ആര്‍ക്കും ഈ അവസ്ഥ വരാം. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും അച്ചായന്‍സ് എംഡി ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.

കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് ‘അച്ചായന്‍സ്’ കെഎസ്ആര്‍ടിസിക്ക് പരസ്യം നല്‍കി തുടങ്ങിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രവര്‍ത്തിയെ ആരും ഗൗരവത്തോടെ സമീപിച്ചില്ലെന്ന് ജനറല്‍ മാനേജന്‍ സുനിലും വിമര്‍ശിച്ചു.

മകളുടെ ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ മകള്‍ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.

Exit mobile version