വിദ്യയുടെ പഠനമികവും സ്വന്തമായി വരുമാനമുള്ളതും സന്തോഷിനെ പ്രകോപിപ്പിച്ചു; മകനെ വിട്ടുകിട്ടണമെന്ന ആവശ്യം തള്ളിയത് പകയായി; മുന്‍പും യുവതിയെ ആക്രമിച്ചു

കോന്നി: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഇടതു കൈപ്പത്തിയും വലതു കൈവിരലുകളും അറ്റുപോയ കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യയ്ക്ക് (27) ബോധം തെളിഞ്ഞതായി ഡോക്ടര്‍മാര്‍. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.

ഇതിനിടെ വിദ്യ അമ്മയോട് മകനെപ്പറ്റി തിരക്കുകയും ചെയ്‌തെന്നാണ് വിവരം. യുവതിയുടെ അറ്റുപോയ കൈപ്പത്തി 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തത്. വിദ്യയുടെ ഭര്‍ത്താവ് സന്തോഷിന്റെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കവെ വെട്ടേറ്റ വിദ്യയുടെ പിതാവ് വിജയനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന് പരിക്ക് ഗുരുതരമല്ല.

ശനിയാഴ്ച രാത്രിയാണ് വിദ്യയെ ഭര്‍ത്താവ് സന്തോഷ് (28) വെട്ടിപ്പരുക്കേല്‍പിച്ചത്. വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് സംഭവം. വിദ്യയേയും പിതാവിനേയും വെട്ടിയ സന്തോ് ഒളിവില്‍ പോയെങ്കിലും മൂന്നര മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. പുലര്‍ച്ചെ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് അടൂരില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് സന്തോഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതിനിടെ വിദ്യയുടെ കലഞ്ഞൂരിലെ വീട്ടില്‍ എത്തിച്ച് പ്രതിയെ തെളിവെടുപ്പിന് വിധേയനാക്കി. ശേഷം ഞായറാഴ്ച രാത്രിയാണ് റാന്നി ഒന്നാം മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. സന്തോഷിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

ALSO READ-പ്രതിശ്രുത വധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു; ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു; യുവ ഡോക്ടറെ അടിച്ചു കൊലപ്പെടുത്തി

അതേസമയം, സന്തോഷ് മുന്‍പും ഇത്തരം അക്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംശയരോഗിയായ സന്തോഷ് വിദ്യയെ നിരന്തരം മര്‍ദിക്കുമായിരുന്നു. മകന്റെ പേരിടല്‍ ചടങ്ങിനെത്തിയപ്പോഴും വിദ്യയെ ദേഹോപദ്രവം ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് വിവാഹമോചനത്തിനായി വിദ്യ കേസ് ഫയല്‍ ചെയ്തത്.

സന്തോഷിന്റെ സംശയ രോഗവും വിദ്യയ്ക്ക് തന്നെക്കാള്‍ വിദ്യാഭ്യാസം ഉള്ളതും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നതും സന്തോഷിന് അമര്‍ഷം ഉണ്ടാക്കിയിരുന്നു എന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

അതേസമയം, മകനെ രണ്ട് തവണ വീതം നേരിട്ടും വീഡിയോ കോളിലൂടെയും കാണുന്നതിന് കോടതി വിവാഹമോചന കൗണ്‍സിലിങിനിടെ സന്തോഷിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മകനെ പൂര്‍ണമായും വിട്ടുകിട്ടണമെന്ന് വിദ്യയെ വിളിച്ച് സന്തോഷ് ആവശ്യപ്പെട്ടിരുന്നു. ഇത് വിദ്യ നിഷേധിച്ചത് സന്തോഷിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിയെ കൊല്ലാനുറച്ച് വടിവാളും ആസിഡുമായി എത്തി ആക്രമണം നടത്തിയത്.

Exit mobile version