സന്തോഷ് എത്തിയത് വിദ്യയെ കൊല്ലാനുറച്ച്; ആസിഡും വടിവാളുമായി ഒളിച്ചുരുന്നു; ഒടുവില്‍ പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് ആക്രമണം

പത്തനംതിട്ട: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയായ യുവതിയെയും അച്ഛന്‍ വിജയനെയും വീട്ടില്‍കയറി ക്രൂരമായി വെട്ടിയ പ്രതിയെ പോലീസ് പിടികൂടി. മൂന്നര മണിക്കൂര്‍ കൊണ്ടാണ് ഒളിവില്‍ പോയ സന്തോഷിനെ പോലീസ് തന്ത്രപരമായി പിടികൂടിയത്.

കൂടല്‍ സിഐ ജി പുഷ്പരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ആക്രമണം നടന്ന സ്ഥലത്തുനിന്ന് സന്തോഷിന്റെ ഫോണ്‍ നമ്പര്‍ ശേഖരിച്ച പോലീസ് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആദ്യം ആരംഭിച്ചത്.

കൂടാതെ, ഇതിനൊപ്പം സന്തോഷ് ഏഴംകുളത്തുള്ള വീട്ടില്‍ എത്താനുള്ള സാധ്യതയും മനസ്സിലാക്കി അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഈ വീട്ടില്‍ പോലീസെത്തിയ സമയത്ത് സന്തോഷ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തുടര്‍ന്നാണ് സന്തോഷിന്റെ അനുജനെ പോലീസ് ചോദ്യം ചെയ്തത്.

ആക്രമണം നടത്തിയശേഷം സന്തോഷ് വീട്ടില്‍ എത്തിയിരുന്നു. പിന്നീട്, പോലീസ് വീട്ടില്‍ നില്‍ക്കുന്ന സമയത്ത് സന്തോഷ് വീണ്ടും അതുവഴിവരികയും. വീട്ടില്‍ ആളുണ്ടെന്ന് മനസ്സിലാക്കി ബൈക്കില്‍ പാഞ്ഞുപോകുകയുമായിരുന്നു, തുടര്‍ന്ന് പോലീസ് ബൈക്കിനെ പിന്തുടര്‍ന്നാണ് പഴകുളത്തെത്തി പിടികൂടിയത്.

also read- സ്വന്തം ബ്യൂട്ടി സലൂണിലെ ജീവനക്കാരിയെ കടന്നുപിടിച്ചു; മുൻ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റും കോൺഗ്രസ് നേതാവുമായ മനോജ് അറസ്റ്റിൽ

സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ വലയിലാക്കാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് കൂടല്‍ പോലീസ് നടത്തിയത്. സംഘത്തില്‍ സി.ഐ. ജി.പുഷ്പരാജ്, എസ്.ഐ. കെ.ദിജേഷ്, എസ്.ഐ. വാസുദേവക്കുറുപ്പ്, എസ്.സി.പി.ഒ. അജിത്കുമാര്‍, സി.പി.ഒ.മാരായ അനൂപ്, പ്രമോദ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഭര്‍തത്താവ് സന്തോഷുമായി അകന്നു കഴിഞ്ഞിരുന്ന വിദ്യ കടയില്‍ ജോലിക്ക് പോയും ട്യൂഷനെടുത്തും കഷ്ടപ്പെട്ടാണ് കുഞ്ഞിനെ വളര്‍ത്തിയിരുന്നത്. നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു വിദ്യ. സന്തോഷിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിയെ കൈയ്യേറ്റം നടത്താനും ശ്രമിച്ചു.

ആസിഡും വടിവാളുമായി വീടിന് പിന്നില്‍ ഒളിചച്ചിരുന്നതും, ചരിപ്പ് അടുക്കള ഭാഗത്ത് അഴിച്ചുവെച്ച് വീടിനകത്ത് കയറി ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന് അരികിലിരുന്ന വിദ്യയെ ആക്രമിച്ചതും പ്രതി നിര്‍വികാരനായാണ് പോലീസിന് വ്യക്തമാക്കി നല്‍കിയത്. വിദ്യയെ കൊല്ലാനുറച്ചാണ് എത്തിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

Exit mobile version