പാലും ആട്ടിറച്ചിയും ഭക്ഷണം: പ്രസവിച്ച് കിടക്കുന്ന തെരുവ് പട്ടിയെ പൊന്നുപോലെ നോക്കി നാട്ടുകാര്‍, വേറിട്ട നല്ല മാതൃക

മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെ നായകള്‍ക്കെതിരെയുള്ള അതിക്രമവും കൂടുന്നുണ്ട്. പൈശാചികമായി നായകളെ ഉപദ്രവിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം അവയെ കരുതുന്നവരും ഉണ്ട്.

മലപ്പുറം നിലമ്പൂര്‍ മുക്കട്ടയില്‍ നിന്നുള്ള ഒരു നല്ല മാതൃകയാണ് ശ്രദ്ധ നേടുന്നത്.
പ്രസവിച്ച് കിടക്കുന്ന തെരുവ് പട്ടിയെ കൂട്ടിലാക്കി ശുശ്രൂഷിക്കുകയാണ് ഇവിടുത്തുകാര്‍. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട തെരുവ് പട്ടിയെയും അതിന്റ കുഞ്ഞു മക്കളെയും കൂട്ടില്‍ അടച്ച് ആട്ടിറച്ചി അടക്കം കൊടുത്ത് പരിപാലിക്കുകയാണ് ഇവര്‍.

സ്‌കൂളിനുള്ളില്‍ ആയിരുന്നു പട്ടി പ്രസവിച്ചത്. 9 കുഞ്ഞുങ്ങള്‍. ആട്ടിയോടിക്കാനും പറ്റില്ല, അവയെ സംരക്ഷിക്കുകയും വേണം. കുട്ടികള്‍ക്ക് ഒക്കെ അപകടം തന്നെയാണല്ലോ പട്ടി പ്രസവിച്ചു കിടക്കുന്നത്. അത് എപ്പോള്‍ വേണമെങ്കിലും അക്രമകാരിയാകാം. മാത്രമല്ല കുട്ടികള്‍ കല്ലെടുത്ത് എറിയുക വല്ലോം ചെയ്താല്‍ അതും ബുദ്ധിമുട്ട് ആകും.

അങ്ങനെയാണ് നഗരസഭയില്‍ നിന്നും വലിയ കൂട് കൊണ്ട് വന്ന് എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സിന്റെ സഹായത്തോടെ പട്ടിയെയും കുഞ്ഞുങ്ങളെയും കൂട്ടിലേക്ക് മാറ്റിയത്. ഇപ്പോള്‍ മുക്കട്ട ജംഗ്ഷനില്‍ ആണ് പട്ടിയും മക്കളും നാട്ടുകാരുടെ സ്‌നേഹത്തണലില്‍ കഴിയുന്നത്. ബിസ്‌കറ്റും പാലും മാത്രമല്ല, ആട്ടിറച്ചി ചെറിയ കഷ്ണങ്ങളാക്കിയതും ഒരു പാത്രത്തിലാക്കി കൂട്ടില്‍ വെച്ചിട്ടുണ്ട്. നാട്ടുകാരില്‍ ആരെങ്കിലുമൊക്കെ അങ്ങാടിയില്‍ എപ്പോഴും ഉണ്ടാകും പട്ടിക്കൂടിന് സമീപം

.
Read also:‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍


‘ഇവള്‍ നാടിന്റെ ഓമനയാണ്. അങ്ങാടിയില്‍ എപ്പോഴും ഉണ്ടാകും. വിശക്കുമ്പോള്‍ നമ്മുടെ ഒക്കെ അടുത്ത് വന്ന് കാലില്‍ തൊട്ട് ഉരുമ്മി നിക്കും. അപ്പോ തന്നെ ബിസ്‌കറ്റോ എന്തെങ്കിലുമോ കൊടുക്കും. അവള്‍ പ്രസവിച്ചു കിടക്കുമ്പോള്‍ ഓടിക്കാന്‍ പറ്റുമോ ‘ നാട്ടുകാരനായ ബാബു ചോദിക്കുന്നു.

പ്രദേശവാസിയായ സിദ്ദീഖ് ആണ് പട്ടിക്ക് ആട്ടിറച്ചി കൊടുത്തത്. ‘ ഓള് ഞമ്മളെ സ്വന്തം അല്ലേ, മ്മടെ ഒക്കെ ആള്‍ക്കാര്‍ പ്രസവിച്ച് കിടക്കുമ്പോള്‍ ആട്ടിറച്ചി ഒക്കെ കൊടുക്കുന്നത് പതിവ് അല്ലേ… അപ്പോ ഓളും കുറച്ച് ആട്ടിറച്ചി ഒക്കെ കഴിക്കട്ടെ. പിന്നെ ഇവര്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അതിന്റെ നന്ദി അവര്‍ എത്ര ആയാലും കാണിക്കും. ഒരു ബിസ്‌കറ്റ് കൊടുത്താല്‍ പോലും നന്ദി കാണിക്കുന്ന ഇനമാണ്. ഇവിടെ മുക്കട്ട അങ്ങാടിയില്‍ എല്ലാവര്‍ക്കും അത്രക്ക് ഇഷ്ടമാണെന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

Exit mobile version