കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹുസൈന്റെ കുടുംബത്തിന് കൈത്താങ്ങായി സര്‍ക്കാര്‍; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കോഴിക്കോട്: തൃശൂരില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട കോഴിക്കോട് മുക്കം സ്വദേശി ഹുസൈന്‍ കല്‍പ്പൂരിന്റെ (32) കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ആദ്യ ഗഡുവായി 5 ലക്ഷം രൂപ നാളെ മന്ത്രി എകെ ശശീന്ദ്രന്‍ നേരിട്ട് വീട്ടിലെത്തി കൈമാറും. ഹുസൈന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറെയും രണ്ട് റേഞ്ച് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

തൃശൂര്‍ പാലപ്പിള്ളി കള്ളായിയില്‍ കാട്ടാന ഇറങ്ങിയെന്ന് അറിഞ്ഞെത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗമായ ഹുസൈന്‍ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് തുമ്പിക്കൈ കൊണ്ട് അടിയേറ്റ് വീണത്.

ALSO READ- തൊഴിലുറപ്പ് ജോലിക്കിടെ മുടിക്കുത്തില്‍ പിടിമുറുക്കി പുലി; ഭയന്ന് തളര്‍ന്ന് വീണ ഷീലയ്ക്ക് അത്ഭുത രക്ഷ!

സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്കായിരുന്നു സംഭവം. കാട്ടാനകളെ തുരത്താനുള്ള കുങ്കിയാന സംഘത്തിലെ അംഗമായിരുന്നു ഹുസൈന്‍. ആക്രമണത്തില്‍ വാരിയെല്ലു തകര്‍ന്ന് ശ്വാസകോശത്തില്‍ തുളഞ്ഞുകയറി. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണം. തൃശൂരില്‍ ചികിത്സ തുടരുന്നതിനിടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നു പുലര്‍ച്ചെ രണ്ടിന് മരിച്ചു.

Exit mobile version