ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് മേള പ്രമാണിയായി വീണ്ടും ജയറാം

ഇത് തുടര്‍ച്ചയായി അഞ്ചാം തവണയാണ് ദുര്‍ഗാഷ്ടമി നാളില്‍ ദേവിക്ക് അര്‍ച്ചനയായി 'പവിഴമല്ലിത്തറ മേള'ത്തിന് പ്രാമാണിത്വം വഹിക്കുന്നത്.

ചോറ്റാനിക്കര: പവിഴമല്ലിത്തറ മേളത്തിന് മേളപ്രമാണിയായി ഇത്തവണയും സിനിമാ താരം ജയറാം എത്തി. ദുര്‍ഗാഷ്ടമി നാളില്‍ നടന്ന ചോറ്റാനിക്കര ദേവിയുടെ ശീവേലിക്കാണ് മേളപ്രമാണിയായി ജയറാം നിറസാന്നിധ്യമായത്. രണ്ടര മണിക്കൂറിലേറെ നീണ്ട ‘പവിഴമല്ലിത്തറ മേളം’ കാണികള്‍ക്ക് ഹരം പകര്‍ന്നു.

ബുധനാഴ്ച രാവിലെ ഒമ്പതിന് ചോറ്റാനിക്കര ദേവിയെ ശീവേലിക്ക് എഴുന്നള്ളിച്ചത് മൂന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെയും ജയറാമിന്റെ പ്രമാണത്തില്‍ 159 വാദ്യകലാകാരന്‍മാര്‍ പങ്കെടുത്ത പഞ്ചാരിമേളത്തോടും കൂടിയായിരുന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഏഴു തവണ മേളത്തിന് പ്രമാണം വഹിച്ച ജയറാം, ഇത് തുടര്‍ച്ചയായി അഞ്ചാം തവണയാണ് ദുര്‍ഗാഷ്ടമി നാളില്‍ ദേവിക്ക് അര്‍ച്ചനയായി ‘പവിഴമല്ലിത്തറ മേള’ത്തിന് പ്രാമാണിത്വം വഹിക്കുന്നത്.

ഇടന്തലയില്‍ ഉണ്ടായിരുന്നത് 15 പേരാണ്. ജയറാമിന്റെ വലത്തേ കൂട്ടായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരും ഇടത്തേ കൂട്ടായി ആനിക്കാട് കൃഷ്ണകുമാര്‍ മാരാരും നിരന്നു. തിരുവാങ്കുളം രഞ്ജിത്, തിരുവാങ്കുളം സതീശന്‍, ചോറ്റാനിക്കര അനു, ഉദയനാപുരം മണിക്കുറുപ്പ്, ചോറ്റാനിക്കര സുനില്‍, പറവൂര്‍ സോമന്‍, ചോറ്റാനിക്കര വേണു, രവിപുരം ജയന്‍ മാരാര്‍, പെരുവാരം സതീശന്‍, ചേര്‍ത്തല ബാബു, മച്ചാട് ഹരിദാസ്, വെന്നിമല രാജേഷ് മാരാര്‍, ഉദയനാപുരം ഷിബു തുടങ്ങിയവരും പങ്കെടുത്തു.

Exit mobile version