കടം വാങ്ങിയ പണം തിരികെ കിട്ടാൻ 14 കാരനെ തട്ടിക്കൊണ്ടുപോയി, ഫിസിയോതെറാപിസ്റ്റ് അറസ്റ്റിൽ

കൊല്ലം: കടം വാങ്ങിയ പണം തിരികെ കിട്ടാൻ കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ സൈദലിയാണ് പിടിയിലായത്.

ഇന്നലെ വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകിയ ഫിസിയോതെറാപിസ്റ്റ് സൈദലി പിടിയിലായത്. നേരത്തെ അറസ്റ്റിലായ മാർത്താണ്ഡം സ്വദേശി ബിജുവിൽ നിന്നും ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പതിനാലുകാരൻറെ അമ്മ, 10 ലക്ഷം രൂപ ഫിസിയോതെറാപ്പിസ്റ്റിൻറെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കാനാണ് പ്രതി ക്വട്ടേഷൻ നൽകിയത്.

മാർത്താണ്ഡത്തെ ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. തിങ്കളാഴാച്ച രാത്രിയാണ് പതിനാലുകാരനെ ഒൻപതംഗ സംഘം തട്ടിക്കൊണ്ട് പോയത്. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. എതിർത്ത സഹോദരിയെ അടിച്ചുവീഴ്ത്തിയാണ് കുട്ടിയെ ബലമായി കാറിൽ കയറ്റികൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് ഇതുവരെ പിടിയിലായത്. ഇനി ക്വട്ടേഷൻ സംഘത്തിലെ ഏഴു പേർ പിടിയിലാകാനുണ്ട്. ഇവർ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

 

Exit mobile version