വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നു വയസ്സുകാരന് രക്ഷയായത് ഓട്ടോഡ്രൈവറുടെ സംശയം

പാലക്കാട്: കഞ്ചിക്കോട് മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തില്‍ കുഞ്ഞിന് രക്ഷയായത് ഓട്ടോറിക്ഷ ഡ്രൈവറുടെ അടിയന്തിര ഇടപെടല്‍. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷാണ് രക്ഷകനായത്.

ഇന്നലെ വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് 3 വയസ്സുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമം നടന്നത്. തമിഴ്നാട് സ്വദേശിയായ സെന്തില്‍കുമാര്‍ എന്നയാളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചിക്കോട് സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍ അഭിലാഷാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമം തുടക്കത്തിലേ തകര്‍ത്തത്.

മദ്യപിച്ച് തന്റെ വാഹനത്തില്‍ കയറിയ സെന്തില്‍ കുമാറിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതല്‍ അഭിലാഷിന് സംശയം തോന്നിയിരുന്നു. മിഠായി നല്‍കിയിരുന്നതിനാല്‍ മാത്രം കുഞ്ഞ് കരഞ്ഞിരുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ഇയാളോട് ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി തന്റെതല്ലെന്ന് സെന്തില്‍ കുമാര്‍ സമ്മതിച്ചു. ഉടന്‍ അഭിലാഷ് മറ്റ് ഓട്ടോ ഡ്രൈവര്‍മാരെയും വിളിച്ച് വരുത്തി. പിന്നാലെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഞ്ചിക്കോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുപി സ്വദേശികളുടെ കുഞ്ഞിനെയായിരുന്നു തട്ടിക്കൊണ്ടുപോയത്. വാളയാര്‍ പോലീസ് സെന്തില്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Exit mobile version