ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസ്: സ്ത്രീയുടെ രേഖാ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു രേഖാചിത്രം കൂടി പോലീസ് പുറത്തുവിട്ടു. കുട്ടിയെ തട്ടികൊണ്ട് പോയി എന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രമാണ് പോലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഓയൂരില്‍ നിന്നും പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം രാവിലെ സംഭവസ്ഥലത്തു നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ താമസിക്കുന്ന സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും വീട്ടുമുറ്റത്താണ് സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടത്. ഇവരുടെ 12 വയസ്സുള്ള മകള്‍ സിറ്റൗട്ടിലേയ്ക്ക് ഇറങ്ങിയപ്പോള്‍ മുഖം മറച്ച ഒരു സ്ത്രീ കുഞ്ഞിന്റെ അടുത്തേക്ക് വന്നു. ആരാണെന്നു ചോദിച്ചപ്പോള്‍ പെട്ടെന്നു ഗേറ്റ് കടന്ന് ഒാടി പുറത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. ഈ സ്ത്രീയുടെ രേഖാചിത്രമാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ഉപേക്ഷിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി നിശാന്തിനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

Exit mobile version