തെരുവുനായയുടെ കടിയേറ്റ 12കാരി മരിച്ചു: മരണം മൂന്ന് ഡോസ് വാക്സിനും എടുത്ത ശേഷം

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന
12കാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും കുട്ടി എടുത്തിരുന്നു.

റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകളാണ്.
അഭിരാമിയെ കഴിഞ്ഞ മാസം 14നാണ് തെരുവുനായ കടിച്ചത്. പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്.

Read Also: പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ പ്രസവിച്ചു: കുഞ്ഞിനെ സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍; പത്താംക്ലാസുകാരന്‍ കസ്റ്റഡിയില്‍

കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുക്കുന്നത്. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്.

നാലാമത്തെ വാക്‌സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൈലപ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിനിയാണ് അഭിരാമി.

Exit mobile version