സ്പീക്കര്‍ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനം: പുതിയ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കും; എഎന്‍ ഷംസീര്‍

കൊച്ചി: സ്പീക്കര്‍ ചുമതലയും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കുമെന്നും എഎന്‍ ഷംസീര്‍ കൊച്ചിയില്‍ പറഞ്ഞു. കേരളനിയമസഭയുടെ സ്പീക്കറായി ചുമതലപ്പെടുത്തിയിരിക്കുകയാണ് എഎന്‍ ഷംസീറിനെ.

സിപിഎം സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എംവി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എംബി രാജേഷിനേയും സ്പീക്കറായി എഎന്‍ ഷംസീറിനേയുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയത്.

‘പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കും. എനിക്ക് മുമ്പും രാഷ്ട്രീയ നേതൃത്വത്തില്‍ പലരും നേരത്തെ സ്പീക്കര്‍ ആയിട്ടുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. സ്പീക്കര്‍ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനമാണ്.’ എഎന്‍ ഷംസീര്‍ പറഞ്ഞു.

സീനിയോറിറ്റിക്ക് അനുസരിച്ച് സ്ഥാനം കിട്ടിയില്ലെന്ന ഷംസീറിന്റെ പരാതിക്ക് പരിഹാരവും കാണാമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഒപ്പം തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നൊരു സ്പീക്കര്‍ എന്ന പ്രത്യേകതയും തീരുമാനത്തിന് പിന്നിലുണ്ട്.

Read Also: വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ, കഴിവിന്റെ പരമാവധി നിറവേറ്റാന്‍ പരിശ്രമിക്കും: എംബി രാജേഷിന് തദ്ദേശവും എക്സൈസും

എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ് എഎന്‍ ഷംസീര്‍. 2014ല്‍ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഷംസീര്‍ പരാജയപ്പെട്ടു.

പക്ഷേ 2016ല്‍ തലശ്ശേരി ഷംസീറിനെ കൈവിട്ടില്ല. 34,117 വോട്ടുകളോടെ എപി അബ്ദുള്ളക്കുട്ടിയെ ഷംസീര്‍ പരാജയപ്പെടുത്തി. അന്ന് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. 2021ലും തലശ്ശേരി ഷംസീറിനൊപ്പം നിന്നു. 2016നേക്കാള്‍ 2000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് 2021 ല്‍ ജയിച്ചത്.

അതേസമയം സജി ചെറിയാന് പകരം പുതിയ മന്ത്രിയെ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തെരഞ്ഞെടുത്തില്ല. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

Exit mobile version