‘മഹർ പെൺകുട്ടിക്കാണ് നൽകേണ്ടത്,ആവേശപൂർവം പ്രതികരിക്കുന്ന മതനേതൃത്വം ഡോ.ഷഹന ജീവനൊടുക്കിയപ്പോൾ കുറ്റകരമായ മൗനത്തിൽ’: എഎൻ ഷംസീർ

കണ്ണൂർ: തിരുവനന്തപുരം സ്വദേശിയായ യുവഡോക്ടർ ഷഹനയുടെ മരണത്തിൽ മതനേതൃത്വം മൗനം പാലിച്ചതിനെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. ഡോ. ഷഹന സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയപ്പോൾ കേരളത്തിലെ മതനേതൃത്വം കുറ്റകരമായ മൗനംപാലിച്ചെന്ന് ലോക ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസാരിക്കവെ സ്പീക്കർ കുറ്റപ്പെടുത്തി.

ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടകനായിരുന്നു അദ്ദേഹം. ഇസ്ലാം നിഷിദ്ധമാക്കിയതാണ് സ്ത്രീധനം. ഇസ്ലാമിൽ മഹർ പെൺകുട്ടിക്കാണ് നൽകേണ്ടത്. എന്നാൽ പുരുഷന് 150 പവനും 15 ലക്ഷംരൂപയും ബെൻസ് കാറും നൽകും. ഇത്തരം തെറ്റായ ശീലമുണ്ടാകുമ്പോൾ എല്ലാമതവിഭാഗത്തിൽനിന്നും ശക്തമായ അഭിപ്രായമുണ്ടാകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

സ്ത്രീധനം ചോദിച്ചുവരുന്നവരോട് പറ്റില്ലെന്നുതന്നെ പറയണം. ന്യൂനപക്ഷവിഭാഗത്തിൽ സ്ത്രീധനത്തിനെതിരായ പ്രചാരണം ഉയർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അഡ്വ. എഎ റഷീദ് അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, കളക്ടർ അരുൺ കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി.

ALSO READ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കി, 62കാരന് കഠിന തടവ് ശിക്ഷ

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഫാ. ജോസഫ് കാവനാടിയിൽ, എകെ അബ്ദുൾ ബാഖി, ഫാ. മാർട്ടിൻ രായപ്പൻ, ജോസഫ് എസ്. ഡാനിയേൽ, എംകെ ഹമീദ്, ഡോ. സുൾഫിക്കർ അലി, പാസ്റ്റർ കുര്യൻ ഈപ്പൻ, കെവി ഷംസുദ്ദീൻ, വിടി ബീന, സികെ അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു.

Exit mobile version