വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ, കഴിവിന്റെ പരമാവധി നിറവേറ്റാന്‍ പരിശ്രമിക്കും: എംബി രാജേഷിന് തദ്ദേശവും എക്സൈസും

പാലക്കാട്: കേരള നിയമസഭയുടെ 23ാം സ്പീക്കര്‍ സ്ഥാനത്തു നിന്ന് എംബി രാജേഷ് നാളെ രാജിവയ്ക്കും. തുടര്‍ന്ന് ചൊവ്വാഴ്ച മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എംബി രാജേഷിന് തദ്ദേശ-എക്സൈസ് വകുപ്പുകളായിരിക്കും ലഭിക്കുക.

ഏല്‍പ്പിച്ച ജോലി കഴിവിന്റെ പരമാവധി നിറവേറ്റാന്‍ പരിശ്രമിക്കുമെന്ന് എംബി രാജേഷ് പറഞ്ഞു. വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ. ഇതിന് മുമ്പ് ഇതുപോലെ ഏല്‍പ്പിച്ചിട്ടുള്ള എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിറവേറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. അതുപോലെ ഈ ചുമതലയും നിറവേറ്റാന്‍ പരിശ്രമിക്കും.

സ്പീക്കര്‍ എന്ന നിലയില്‍ കഴിഞ്ഞ പതിനഞ്ച്, പതിനാറ് മാസത്തെ പ്രവര്‍ത്തനം നടത്താനുള്ള അവസരമാണ് ലഭിച്ചത്. അത് വിലപ്പെട്ട ഒരു അനുഭവമായിട്ടാണ് കണക്കാക്കുന്നത്. വളരെ പാരമ്പര്യമുള്ള ചരിത്രമുള്ള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് ആ പാരമ്പര്യത്തോട് നീതിപുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. വിലയിരുത്തേണ്ടത് മറ്റുള്ളവരാണ്. സ്പീക്കര്‍ ആയിരിക്കുമ്പോഴും രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ല, അത് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നെന്നു എംബി രാജേഷ് പറഞ്ഞു.

Read Also: ‘പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കില്ല’: മകന്‍ കോളേജ് അധ്യാപകനാണ്, കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ ഉമാ തോമസ് എംഎല്‍എ

വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എം.ബി. രാജേഷിനെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തത്. തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വെച്ചൊഴിയുന്നതിനാലാണ് മന്ത്രിസഭയില്‍ പുനഃസംഘടന വേണ്ടിവന്നത്. സ്പീക്കറായി എഎന്‍ ഷംസീറിനേയും സിപിഎം സെക്രട്ടേറിയറ്റ് തിരഞ്ഞെടുത്തു.

Exit mobile version