കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് കാസര്‍ഗോഡ് പിടിയില്‍

കാക്കനാട്: മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ
മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കാസര്‍ഗോഡ് നിന്നാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നിന്ന് അര്‍ഷാദ് പിടിയിലാവുന്നത്.

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്‌ലാറ്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം റൂമിനുള്ളില്‍ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷാദിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.

പ്രതി മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞശേഷമാണെന്നും പോലീസ് അറിയിച്ചു. അര്‍ഷാദിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണില്‍നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താന്‍ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു.

ഇന്നലെ ഉച്ചക്ക് ഇയാള്‍ കോഴിക്കോട് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് ആയിരുന്നു. അതുകൊണ്ട് തന്നെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു. ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍.

സജീവ് കൃഷ്ണ കൊല്ലപ്പെട്ടതിനുശേഷവും സജീവിന്റെ ഫോണില്‍നിന്ന് സന്ദേശം എത്തിയിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. അസ്വാഭാവികമായ എന്തോ ഉണ്ടെന്ന് തോന്നലിലാണ് ഫ്‌ലാറ്റില്‍ എത്തി പരിശോധിക്കാന്‍ തീരുമാനിച്ചതെന്നു സജീവിന്റെ സുഹൃത്ത് അംജദ് പറഞ്ഞു.

തന്റെ സ്‌കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലം വിട്ടതെന്നു അംജദ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് മാത്രമാണ് അര്‍ഷാദിനെ പരിചയപ്പെട്ടത്. ഫ്‌ലാറ്റിലുള്ള മറ്റൊരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദെന്നും അംജദ് പറഞ്ഞു. യുവാവിന്റെ കൊലപാതക വിവരം പുറത്തായതോടെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനു സമീപം അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി പോലീസ് സ്ഥിരീകരിച്ചു.

കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്‌സോണിയ ഫ്‌ലാറ്റിലാണു സംഭവം. സജീവ് ഉള്‍പ്പെടെ 5 യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

തുടര്‍ച്ചയായി ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറന്നിരുന്നില്ല. സജീവനെ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. അര്‍ഷാദിനെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ കട്ടാക്കിയതിനു ശേഷം സ്ഥലത്തില്ലെന്നു അര്‍ഷാദ് സന്ദേശമയച്ചുവെന്നും ഇവര്‍ പറയുന്നു.

സംഭവത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ലാറ്റില്‍ പ്രവേശിക്കുകയായിരുന്നു. ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുണ്ട്. വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പര്‍വൈസര്‍). സഹോദരന്‍: രാജീവ് കൃഷ്ണന്‍.

Exit mobile version