‘രാധാകൃഷ്ണന്‍ ചേട്ടോ.. എല്ലാം ശരിയാക്കിയിട്ടുണ്ട്’: വാട്‌സാപ്പില്‍ ലഭിച്ച പരാതി മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട പ്രദേശവാസിയുടെ പരാതി ഉടനടി പരിഹരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.

തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ ഇഞ്ചക്കല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവനസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എന്നയാള്‍ വാട്ട്‌സ് ആപ്പ് വഴി നല്‍കിയ പരാതിയിലാണ് മേയര്‍ ഉടനടി നടപടിയെടുത്തത്.

‘രാധാകൃഷ്ണന്‍ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണന്‍ ചേട്ടന്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

ഉടന്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗ്യമാക്കിയിട്ടുണ്ടെന്ന് മേയര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. വൃത്തിയാക്കിയ ശേഷമുളള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ചിത്രങ്ങളും പങ്കുവച്ചാണ് മേയറുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയില്‍ ലഭിച്ച പരാതികള്‍ക്ക് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മേയര്‍ നടപടി സ്വീകരിച്ചിരുന്നു. കണ്ണാശുപത്രിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി ഉച്ച കഴിഞ്ഞ് 3.32ന് വാട്‌സ് ആപ്പിലൂടെ ലഭിക്കുകയും 3.58ന് തന്നെ മേയറുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

”രാധാകൃഷ്ണന്‍ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്……ഇന്നലെ (8.8.22) രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണന്‍ ചേട്ടന്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഉടന്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കി.

ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. പിന്നെ ഒരു കാര്യം നമ്മള്‍ തന്നെയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നത്, ഇനിയെങ്കിലും ജാഗ്രതപുലര്‍ത്തണം. നഗരസഭയുടെ മാലിന്യ സംസ്‌കരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം … പൊതു ഇടങ്ങള്‍ നമ്മുടേത് കൂടിയാണ്. നഗരസഭ ഒപ്പമുണ്ടാകും’.

Exit mobile version